
തിരുവല്ല: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിനിടെ തിരുവല്ലയില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറിഞ്ഞതാണ് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന് പരിക്കേറ്റു.
കലാശക്കൊട്ടിന് പ്രചാരണ വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
കൊട്ടിക്കലാശത്തിനിടെ വടകരയിലും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തില്‍ നിലയുറപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
Post Your Comments