ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. അടുത്തിടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളിലെ ആശങ്കാജനകമായ വെളിപ്പെടുത്തല്‍ യുവാക്കളിലും ഹൃദ്രോഗം കൂടുന്നു എന്നതു തന്നെയാണ്. മുന്‍കാലങ്ങളില്‍ ഹൃദ്രോഗം പ്രായമേറുന്നതിന്റെ ഭാഗമായി വരുന്നുവെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഹൃദ്രോഗം കൂടുതലുംകാണപ്പെടുത് ചെറുപ്പക്കാരിലാണ്. ആഗോള കൊലയാളിയായി ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കാക്കുന്ന അസുഖമാണ് ഹൃദ്രോഗം.
മാറിവരുന്ന ജീവിതചര്യകള്‍ക്കിടയില്‍ രോഗങ്ങള്‍ ഒരു പുതിയ കാര്യമല്ലാതായി മാറിയിരിക്കുകയാണ്. ആധുനിക സമൂഹത്തില്‍ ഹൃദ്രോഗവും അങ്ങനെയായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. മുന്‍പ് 70-80 വയസുള്ളവര്‍ ഹൃദ്രോഗത്തിന്റെ പിടിയിലമരുമ്പോള്‍ ആരും അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് കഥ മാറി. 30നും 40നുമിടക്ക് പ്രായമുള്ള നിരവധി പേരാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് പശ്ചാത്തലമുള്ള രോഗികള്‍ ആയി മാറുന്നത്.
മനുഷ്യ ശരീരത്തില്‍ ഒരു സെക്കന്‍ഡ് പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവമാണ് ഹൃദയം. കഠിനാധ്വാനിയായ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍വരെ കാരണമാവാം.
നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് വളരെയേറെ കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയ സുരക്ഷയ്ക്കായുള്ള ബോധവത്കരണവും മുന്നറിയിപ്പുമായി സെപ്തംബര്‍ 29-ന് ലോക ഹൃദയ ദിനം ആചരിച്ച് വരുന്നത്.
ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്.കൂടാതെ ഹൃദ്രോഗത്തിനുള്ള കാരണങ്ങളെ നമുക്ക് മോഡിഫിയബിള്‍ എന്നും നോണ്‍ മോഡിഫിയബിള്‍ എന്നും രണ്ടായിതിരിക്കാം. പ്രമേഹം, പുകവലി, അമിത കൊളസ്ട്രോള്‍, വര്‍ധിച്ച രക്തസമ്മര്‍ദ്ദം, വ്യായാമമില്ലായ്മ, ചിട്ടയില്ലാത്ത ഭക്ഷണക്രമവും ജീവിതരീതിയും, മാനസിക പിരിമുറുക്കം എന്നിവയാണ് മോഡിഫിയബിള്‍. അതേസമയം നോണ്‍ മോഡിഫിയബിളില്‍ പെടുന്നത് ജനിതകം, പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ്. നമ്മുടെ പരിശ്രമം കൊണ്ട് ജീവിത രീതിയില്‍ മാറ്റം വരുത്തി മോഡിഫിയബിളിനെ നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാവുതാണ്.
പുകവലി പൂര്‍ണമായി വര്‍ജിച്ച് കൊണ്ട് ഹൃദയത്തെ സ്നേഹിക്കണമെന്നാണ് വിദഗ്ദര്‍ പോലും പറയുന്നത്. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണവും പുകവലി തന്നെ. പുകവലിക്ക് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2025 ആകുന്നതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.കൂടാതെ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സമയാസമയങ്ങളില്‍ ഹൃദയ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്. യുവജനങ്ങള്‍ക്ക് ഭീഷണിയായി ഹൃദ്രോഗം മാറിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
Post Your Comments