KeralaNews

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്റെ ഫാസിസം; സി.ഒ.ടി നസീറിനെ കൈയ്യേറ്റം ചെയ്തു

 

കൊയിലാണ്ടി: വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. കൊയിലാണ്ടി മേപ്പയ്യൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നസീറിനെ മര്‍ദ്ദിച്ചത്. കൂടെയുണ്ടായ ക്യാമറമാനും മര്‍ദ്ദനമേറ്റു. ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച നസീറിന്റെ കൂടെയുണ്ടായ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി.

അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ ഹൈന്ദവ ഫാസിസത്തിനെതിരെയും വോട്ട് ചോദിക്കുന്ന സിപിഎം, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പ്രചരണ സ്വാതന്ത്ര്യം പോലും നല്‍കാത്തതിലൂടെ ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് പുറത്ത് വന്നതെന്ന് നസീര്‍ പ്രതികരിച്ചു. പ്രശ്‌നത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സ്ഥാനാര്‍ഥിയുടെ വിശദീകരണം ഇങ്ങനെ, ചെറുവണ്ണൂരില്‍ പ്രചരണം നടത്തുമ്പോള്‍ തന്നെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രകോപന ശ്രമമുണ്ടായി. എന്നാല്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ പൊലീസെത്തി വേറെ സ്ഥലത്ത് പ്രചരണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന ടൗണിലെ മറ്റൊരിടത്ത് പ്രചരണ ഗാനം ആരംഭിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വന്ന ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് നസീര്‍ ആരോപിക്കുന്നു. കൂടാതെ ഫോണുകളിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതായും നസീര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ സിപിഎം നേതാവും തലശ്ശേരി നഗരസഭ കൗണ്‍സിലറുമായിരുന്ന സിഒടി നസീര്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത് മുതല്‍ തന്നെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഭീഷണികളുയരുന്നുണ്ടായിരുന്നു. എന്നിരുന്നാലും പരസ്യമായ കൈയ്യേറ്റത്തിന് ആരും മുതിര്‍ന്നിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button