കൊണ്ടോട്ടി: ഹജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ ഇനിയും കാത്തിരിക്കുന്നത് 29,241 പേര്‍. എന്നാല്‍ ഹജ് തീര്‍ഥാടനത്തിന് അധിക ക്വോട്ടയായി സൗദിയില്‍നിന്ന് കാല്‍ ലക്ഷം സീറ്റുകള്‍കൂടി രാജ്യത്തിനു ലഭിച്ചപ്പോള്‍ പകുതിയിലേറെ സംസ്ഥാനങ്ങളിലെയും മുഴുവന്‍ അപേക്ഷകര്‍ക്കും അവസരം ലഭിച്ചിരുന്നു. ഹജ് യാത്രയ്ക്ക് അവസരം ലഭിച്ച കണക്കുകള്‍ പ്രകാരം ദേശീയ ശരാശരിയുടെ പകുതി മാത്രമാണു കേരളത്തിലുള്ളവര്‍ക്ക് അവസരം. അപേക്ഷകരുടെ എണ്ണം പരിഗണിച്ചല്ല, സീറ്റുകള്‍ വീതിക്കുന്നത് എന്നതാണു പ്രശ്‌നം.
2,67,261 അപേക്ഷകരാണു രാജ്യത്താകെയുള്ളത്. അവരില്‍ 1.60 ലക്ഷം പേര്‍ ഇത്തവണ ഹജ് കമ്മിറ്റി മുഖേന യാത്ര ചെയ്യുമ്പോള്‍ 59.87% പേര്‍ക്കും അവസരം ലഭിക്കുന്നുണ്ട്. ഹജ് ക്വോട്ട വീതിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. 43,115 അപേക്ഷകരാണു കേരളത്തിലുള്ളത്. 3,210 പേര്‍ക്കു നേരിട്ട് അവസരം ലഭിച്ചു.
ബാക്കി 39,905 അപേക്ഷകരില്‍ 8,262 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തപ്പോള്‍ 31,643 അപേക്ഷകരാണു കേരളത്തില്‍ കാത്തിരിപ്പു പട്ടികയില്‍ ഉണ്ടായിരുന്നത്. പുതുതായി 1,632 സീറ്റ് അധികമായി ലഭിക്കുകയും ചിലര്‍ യാത്ര റദ്ദാക്കുകയും ചെയ്തതോടെ ഇനി കാത്തിരിപ്പു പട്ടികയിലുള്ളത് 29,241 പേര്‍. ഇന്ത്യയിലും കേരളത്തിലും ഹജ് കമ്മിറ്റി മുഖേന കൂടുതല്‍ പേര്‍ക്ക് ഹജ് യാത്രയ്ക്ക് അവസരം ലഭിക്കുന്നത് ഇത്തവണയാണ്. എന്നിട്ടും അപേക്ഷകരില്‍ 30.39% (13,104) പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്.
Post Your Comments