കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്നും നാട്ടിലെത്തിയിരുക്കുകയാണ് ഒരു ഐടി ഉദ്യോഗസ്ഥ. ഉത്തര്‍പ്രദേശ് പട്യാലി സ്വദേശിയായ മഞ്ജരി ഗഗ്വാറാണ് നാട്ടിലെത്തിയത്. 21 വര്‍ഷമായി അമേരിക്കയിലാണ് മഞ്ജരി താമസം.
സ്വന്തം മണ്ഡലമായ എത്തായില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മറ്റ് നേതാക്കളെക്കുറിച്ചോ ഒന്നും തന്നെ മഞ്ജരിക്ക് അറിയില്ല. കാരണം മഞ്ജരി നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി. പക്ഷെ നരേന്ദ്ര മോദിയെ മാത്രം അവര്‍ക്ക് നന്നായി അറിയാം. എന്തുകൊണ്ടാണ് മോദിയെ ഇത്രയ്ക്ക് ഇഷ്ടമെന്ന ചോദ്യത്തിന് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് മോദിയാണെന്നായിരുന്നു മഞ്ജരിയുടെ മറുപടി.
അമേരിക്കയില്‍നിന്നും വന്നതിനുശേഷം പട്യാലിയയിലെ ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തന്റെ പിതാവ് എത്തായിലായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹമൊരു അധ്യാപകനായിരുന്നുവെന്നും മഞ്ജരി പറഞ്ഞു. ജോലിയില്‍നിന്ന് വിരമിച്ചതോടെ കുടുംബം കാണ്‍പൂരിലേക്ക് താമസം മാറ്റി. പിന്നീട് പഠനത്തിനായി താന്‍ അമേരിക്കയിലേക്ക് പോകുകയും പഠനം പൂര്‍ത്തിയാക്കി അവിടെ ജോലി നേടുകയുമായിരുന്നു. തന്റെ കുടുംബത്തിന് ഒരിക്കലും രാഷ്ട്രീയത്തില്‍ ചായ്‌വ് ഉണ്ടായിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കഴിഞ്ഞതിനുശേഷം രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ന്നു. ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായതന്നെ മാറ്റി. ഇന്ത്യ ശക്തമായൊരു രാജ്യമായി വളര്‍ന്നിരിക്കുകയാണെന്നും മഞ്ജരി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാന്‍ 41-കാരന്‍ സിഡ്‌നി വിമാനത്താവളത്തിലെ ജോലി വിട്ട് ഇന്ത്യയിലെത്തിയിരുന്നു. മംഗളൂരു സൂരത്ത്ക്കല്‍ സ്വദേശി സുധീന്ദ്ര ഹെബ്ബാറാണ് തന്റെ ആരാധകപാത്രമായ മോദിക്ക് വോട്ട് ചെയ്യുന്നതിനായി ജോലി വിട്ട് നാട്ടില്‍ വന്നത്.
Post Your Comments