കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലളിതമായ മൂല്യങ്ങളുള്ള സ്ത്രീയാണ് മമതയെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍, അത് തന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെക്കന്‍ ദിനാജ്പൂരിലെ ബുനിയാദ്പൂരില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘നിങ്ങള്‍ നിങ്ങളുടെ സ്പീഡ് ബ്രേക്കര്‍ ദീദിയെ വിശ്വസിച്ചു. പക്ഷേ അവര്‍ നിങ്ങളെ വഞ്ചിച്ചു. അത് നിങ്ങളുടെ തെറ്റല്ല. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിന് മുമ്പ് ഞാനും കരുതിയത് അവര്‍ ലാളിത്യത്തിന്റെ പ്രതീകമാണെന്നാണ്. പ്രധാനമന്ത്രി ആയതിനു ശേഷം അവരെ കുറിച്ച് കൂടുതല്‍ ഞാന്‍ അറിഞ്ഞു. ബംഗാളില്‍ ഇന്നവര്‍ കാണിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ കാണുമ്പോള്‍ ലജ്ജ കാരണം ഞാന്‍ തലകുനിക്കുകയാണ്. എനിക്ക് തെറ്റുപറ്റി; അതെന്റെ തെറ്റായിരുന്നു’- മോദി പറഞ്ഞു.
ബംഗാളില്‍ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പുകള്‍ കഴിഞ്ഞുവന്ന റിപ്പോര്‍ട്ടുകള്‍ മമതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരിക്കുന്നതെന്നും മോദി പരിഹസിച്ചു. മെയ് 23ന് ശേഷം ബംഗാളില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക് ബംഗാള്‍ കൂടുതല്‍ ശക്തി നല്‍കുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.
Post Your Comments