പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തില്‍ ഫ്ളയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 4,52,900 രൂപയും 75,820 രൂപ മൂല്യമുള്ള യുഎസ് ഡോളറും പിടിച്ചെടുത്തു. പുളികീഴ് ബ്ലോക്ക് ഓഫീസിന് സമീപം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. മുനിസിപ്പല്‍ സെക്രട്ടറി എസ് ബിജു, സി പി ഒ ശിവപ്രസാദ്, ഷിബു ഡാനിയേല്‍, കെ എസ് സുരേഷ് എന്നിവര്‍ അടങ്ങുന്ന സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശി കോശി ടി ഫിലിപ്പ് എന്ന വ്യക്തിയില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. പിടിച്ചെടുത്ത പണം തിരുവല്ല ട്രഷറിയിലേക്ക് കൈമാറും.
അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയവ തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കലക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്ളൈയിങ സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക്സ് സര്‍വെയിലന്‍സ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സര്‍വെയിലന്‍സ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിങ് സ്‌ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കലക്ടറുമായ പി ബി നൂഹ് അറിയിച്ചു.
Post Your Comments