രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് 22 രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. കൂടാതെ, ആ രാജ്യങ്ങളില്‍ പലതിനും ഡോളറിന്റെ കരുതല്‍ ശേഖരത്തില്‍ കുറവുണ്ട്. പക്ഷേ, അവരുടെ അടിസ്ഥാന വ്യാപാരം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ അവര്‍ ഇന്ത്യന്‍ രൂപയെ സ്ഥിരതയുള്ള കറന്‍സിയായി കാണുന്നു എന്നും, അവർ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ഇന്ത്യ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും അവരെ ആഗോള വികസന അജണ്ടയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് ഇന്ത്യന്‍ സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ”അവരുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രൂപയില്‍ വ്യാപാരം നടത്താന്‍ നമ്മളുമായി ചര്‍ച്ച നടത്തുന്നത് എളുപ്പമാണെന്ന് അവര്‍ കരുതുന്നു,”മന്ത്രി പറഞ്ഞു.
റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഡോളറിലല്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആഗോള വ്യാപാര സംവിധാനത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയില്‍ മറ്റുരാജ്യങ്ങള്‍ ബുദ്ധിമുട്ടിലായി.18 രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപയില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് സന്നദ്ധത അറിയിച്ചതായുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് ആദ്യവാരം പുറത്തുവന്നിരുന്നു.
ജര്‍മനി, സിംഗപ്പൂര്‍, ശ്രീലങ്ക, യുകെ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി ഇന്ത്യ രൂപയില്‍ വ്യാപാരം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ-നേപ്പാള്‍ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇന്ത്യന്‍ രൂപയിലാണ് നടക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഓഗസ്റ്റില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
റഷ്യയുമായി രൂപയില്‍ വ്യാപാരം സുഗമമാക്കുന്നതിന് രൂപ വ്യാപാര സംവിധാനം ആരംഭിച്ചു കഴിഞ്ഞു. 14 ഇന്ത്യന്‍ വാണിജ്യ ബാങ്കുകളില്‍ എസ്‌ആര്‍വിഎ (Special Rupee Vostro Account) തുറക്കുന്നതിന് റഷ്യയിലെ 34 വ്യത്യസ്ത ബാങ്കുകളുടെ അപേക്ഷ ജൂലൈ രണ്ടിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ടെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞിരുന്നു.
–
Post Your Comments