![modi says ‘all the poor are my family](/wp-content/uploads/2019/04/pwar.jpg)
തന്റെ കുടുംബത്തെക്കുറിച്ച് പരാമര്‍ശം നടത്തിയ എന്‍സിപി നേതാവ് ശരദ് പവാറിന് മറുപടിയുമായി മോദി. തന്റെ കുടുംബത്തെക്കുറിച്ച് എന്ത് വേണമെങ്കിലും പറയാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം തന്നേക്കാള്‍ മുതിര്‍ന്നതാണെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സംസ്‌കാരം അനുസരിച്ചായിരിക്കും പറയുന്നതെന്നും എന്നാല്‍ ഈ രാജ്യത്തെ എല്ലാ ദരിദ്രരും തന്റെ കുടുംബമാണെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പാര്‍ലമെന്ററി മണ്ഡലമായ അക്ലുജില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മ ജ്യോതിബ ഫൂലെ, ഭഗത് സിംഗ്, സുഖ്‌ദേവ് രാജ്ഗുരു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവരുടെ കുടുംബചരിത്രമാണ് തനിക്ക് പ്രചോദനമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപപ്രധാനമന്ത്രിയായിരുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അന്തരിച്ച വൈ. ബി. ചവാന്റെ കുടുംബത്തില്‍ നിന്ന് പഠിക്കാന്‍ പവാറിനെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. രാജ്യത്തിന് വേണ്ടി എല്ലാം ത്ൃജിച്ച ഇത്തരത്തിലുള്ളവരാണ് തനിക്ക് പ്രചോദനവും വഴികാട്ടിയുമായതെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ വലിയ കുടുംബങ്ങളുടെ ആശയങ്ങള്‍ പിന്തുടരുന്നതിനുപകരം പല ദശാബ്ദങ്ങളായി ഒരു കുടുംബത്തെ സേവിക്കുന്നതില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുകയാണെന്നും മോദി തിരിച്ചടിച്ചു.
മഹാരാഷ്ട്രയില്‍ ഒരു റാലിയില്‍ സംസാരിക്കവേ പവാറിന്റെ കുടുംബവാഴ്ച്ചയെ വിമര്‍ശിച്ച് മോദി പവാര്‍ജി നല്ല മനുഷ്യനാണെന്നും എന്നാല്‍ അദ്ദേഹത്തിന് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയായി തനിക്ക് ഭാര്യയും മകളും മരുമകനും അനന്തരവന്‍മാരുമുണ്ടെന്നും മോദിക്ക് ആരുമില്ലെന്നുമായിരുന്നു പവാര്‍ പ്രതികരിച്ചത്.
Post Your Comments