കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ റെയില്‍വേ കാണിക്കുന്നത് കടുത്ത വിവേചനം. കേരളത്തില്‍ നിന്നുളള ഗുവാഹത്തി, ഹൗറ, പട്‌ന ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുമായി സ്ലീപ്പറില്‍ യാത്ര ചെയ്യുന്ന ഇതര സംസ്ഥാനക്കാരെ യാത്ര അവസാനിക്കുന്ന സ്റ്റേഷന്‍ വരെയുളള ദൂരം പിഴ ചുമത്തി യാത്ര തുടരാന്‍ അനുവദിക്കാനാണ് ആദ്യം റെയില്‍വേ ഉത്തരവിറക്കിയത്. എന്നാല്‍, സ്ലീപ്പറിലെ യഥാര്‍ഥ യാത്രക്കാര്‍ക്കു സീറ്റ് കിട്ടാതെ വരുമെന്നു കണ്ടതോടെ വിവാദ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. അനധികൃത യാത്ര പിടിക്കപ്പെടുന്നതു വരെയുളള ദൂരത്തിനു പിഴ ഈടാക്കാനാണു പുതിയ നിര്‍ദേശം. ലഭ്യമായ സീറ്റുകളെക്കാള്‍ നാലിരട്ടി ടിക്കറ്റുകള്‍ റെയില്‍വേ വില്‍ക്കുന്നുണ്ട്.
തിരുവനന്തപുരത്തു നിന്നു ഗുവാഹത്തിയിലേക്കു സ്‌പെഷല്‍ ട്രെയിനോടിച്ചാല്‍ 20 ലക്ഷം രൂപ വരുമാനം കിട്ടുമെന്നിരിക്കെ അതു ചെയ്യാതെ യാത്രക്കാരെ പിഴ ഈടാക്കി ഇറക്കിവിടുന്നതു ശരിയല്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ഹൗറ അന്ത്യോദയ ട്രെയിനില്‍ 17 കോച്ചുകളാണുളളത്. ഇത് 19 ആയി കൂട്ടാമെങ്കിലും റെയില്‍വേ തയാറാകുന്നില്ല. ഗുവാഹത്തി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ രണ്ടെണ്ണമാണുള്ളത്. തിങ്ങി നിറയുന്ന ജനറല്‍ കോച്ചുകളില്‍ സ്ഥലമില്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചുകളിലും യാത്രക്കാര്‍ കയറും. ഇങ്ങനെ കയറുന്നവര്‍ തറയിലിരുന്നാണു യാത്ര തുടരുക. പുതിയ നിര്‍ദേശപ്രകാരം ഇടയ്ക്ക് ഇറക്കി വിടപ്പെടുന്ന യാത്രക്കാര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു റെയില്‍വേ കൈമലര്‍ത്തുകയാണ്. നിലവിലുളള ട്രെയിനുകളില്‍ സ്ലീപ്പറിനു പകരം കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഇടുകയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പ്രതിദിന ട്രെയിന്‍ ഓടിക്കുകയുമാണു വേണ്ടത്. എന്നാല്‍ ഇതൊന്നും തന്നെ റെയില്‍വേയില്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Post Your Comments