IndiaNews

യോഗിയുടെ വിലക്ക് എന്‍ഡിഎയ്ക്ക് തിരിച്ചടിയാകുമെന്ന് ബിജെപി വിലയിരുത്തല്‍

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി. യോഗി യാതൊരുവിധ അധിക്ഷേപ പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ബി.ജെ.പി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാക്ക് റെക്കോര്‍ഡ് കമ്മീഷന് പരിശോധിക്കാമെന്നും റുപടി നല്‍കാനുള്ള അവകാശം നിഷേധിക്കരുതെന്നും ബി.ജെ.പി വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് യോഗി ആദിത്യനാഥിന് മേല്‍ മൂന്ന് ദിവസത്തെ വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന പച്ച വൈറസാണെന്നും അത് മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയണമെന്നും യോഗി പറഞ്ഞിരുന്നു. സമാന പരാമര്‍ശങ്ങള്‍ മുന്‍പും യോഗി നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിലക്ക് യു.പിയില്‍ ബി.ജെ.പി പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കും.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുന്നത് ഇതാദ്യമായിട്ടാണ്. ഏപ്രില്‍ 18, 19 തീയതികളില്‍ ഉത്തര്‍പ്രദേശിന് പുറത്താണ് യോഗിയുടെ പ്രചാരണ പരിപാടികള്‍. ബി.ജെ.പി പാളയത്തില്‍ പ്രചാരണ രംഗത്തുള്ള ദേശീയ നേതാക്കളില്‍ പ്രമുഖനാണ് യോഗി. വിലക്ക് വന്നതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും. വിലക്ക് നേരിടുന്ന ദിവസങ്ങളില്‍ ബി.ജെ.പി യോഗിയെ പ്രധാന ആകര്‍ഷണമായി പ്രഖ്യാപിച്ചിരുന്ന പ്രചാരണങ്ങള്‍ മാറ്റിവെക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button