ന്യൂഡൽഹി: പിതാവിനെക്കുറിച്ചുള്ള എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അഭിപ്രായപ്രകടനങ്ങൾ വിവേകശൂന്യവും ദൗർഭാഗ്യകരവുമെന്ന് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. പ്രസ്താവനകൾ എത്രയും വേഗം പിൻവലിക്കാനും അദ്ദേഹം ശരദ് പവാറിനോട് ആവശ്യപ്പെട്ടു. പവാറിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പരീക്കർ കുടുംബത്തെ വേദനിപ്പിച്ചതായും പവാറിനയച്ച കത്തിൽ ഉത്പൽ വ്യക്തമാക്കി.
റഫേൽ കരാറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് മനോഹർ പരീക്കർ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് മടങ്ങിയതെന്നായിരുന്നു ശരദ് പവാറിന്റെ വിവാദ പരാമർശം.2014ൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർ 2017 മാർച്ച് 14നായിരുന്നു ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
പാൻക്രിയാസിനെ ബാധിച്ച അർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം 17ന് അന്തരിച്ചു. നേരത്തെ രാഹുൽ ഗാന്ധിയും സമാനമായ പരാമർശം ഉന്നയിച്ചിരുന്നു. പരീക്കർ സന്ദർശിച്ച രാഹുൽ ഗാന്ധി റാഫേളുമായി ബന്ധിപ്പിച്ചു ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ പരീക്കർ തന്നെ രംഗത്തെത്തിയിരുന്നു.
Post Your Comments