തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റതിന് കാരണം വ്യക്തമാക്കി ക്ഷേത്ര ഭാരവാഹികൾ. തരൂരിന്റെ അപകടത്തിന് കാരണം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണെന്ന വിശദീകരണവുമായാണ് ക്ഷേത്രം അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാര വഴിപാട് നടത്തിയത്. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചു.
കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി ആര്‍പി നായര്‍ പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. വീഡിയോയിലും പ്രവർത്തകർ തുലാസിൽ ശക്തിയായി പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കും.
തലയില്‍ പരുക്കേറ്റ ശശി തരൂരിനെ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്കാന്‍ റിപ്പോര്‍ട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. തുലാഭാര ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തരൂരിന് തലയില്‍ എട്ടു തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു. ഇന്ന് നിർമല സീതാരാമൻ തരൂരിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
Post Your Comments