ഭോപ്പാല്‍: ‘എല്ലാ മോദിമാരും കള്ളന്മാരാണ്'(സാരേ മോദി ചോര്‍ ഹേ) എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ അപകീര്‍ത്തിക്കേസ്. പ്രദീപ് മോദി എന്നയാളാണ് ഭോപ്പാലിലെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൊടുത്തത്. ഏപ്രില്‍ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌ഷ്യം വെച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇക്കാര്യം പറയുന്നത്. ‘എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എല്ലാ കള്ളന്മാര്‍ക്കും പേരില്‍ ‘മോദി’ എന്നുള്ളത് എന്ത്‌കൊണ്ടാണ്?
നീരവ് മോദി ആയാലും, ലളിത് മോദി ആയാലും, നരേന്ദ്ര മോദി ആയാലും എല്ലാം അങ്ങനെ തന്നെ. ഇനിയും ഇങ്ങനെ എത്ര മോദിമാര്‍ രംഗത്ത് വരുമെന്ന് പ്രവചിക്കാന്‍ പറ്റില്ല.’ രാഹുല്‍ പറഞ്ഞു. ഈ പരാമര്‍ശമാണ് പ്രദീപ് മോദിയുടെ അപമാനത്തിന് ഹേതുവായത്. രാഹുലിന്റെ പരാമര്‍ശം കാരണം താന്‍ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നുവെന്നും എല്ലാവരും തന്നോട് താന്‍ കള്ളനാണോയെന്ന് ചോദിച്ചെന്നും പ്രദീപ് മോദി പറയുന്നു.
‘നിങ്ങള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ അത് ആ പ്രത്യേക വ്യക്തിയോട് തന്നെ പറയണം. ഒരു പ്രത്യേക സമൂഹത്തെ ലക്‌ഷ്യം വെച്ച് അത് പറയുന്നത് തെറ്റാണ്. ഞാന്‍ ഇന്ന് കോടതിയില്‍ എത്തിയപ്പോഴും എന്റെ ഏതാനും സുഹൃത്തുക്കള്‍ എന്നെ കളിയാക്കി. ഇതില്‍ മനംനൊന്താണ് ഞാന്‍ പരാതി നല്‍കിയത്.’ പ്രദീപ് മോദി പറയുന്നു. അപമാനം താങ്ങാന്‍ വയ്യാതെയാണ് താന്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.
Post Your Comments