അഗര്‍ത്തല• തൃപുരയില്‍ രണ്ടാമത്തെയും അവസാനത്തെയും ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടിയില്‍ നിന്നും പ്രതിപക്ഷമായ സി.പി.ഐ.എമ്മില്‍ നിന്നുമായി 3,500 ലേറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന അശോക് കുമാര്‍ ബൈദ്യ അടക്കം നിരവധി പേര്‍ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നതായി തൃപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി.പി.സി.സി) അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേവ് ബര്‍മന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അശോക് കുമാര്‍ ബൈദ്യ നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും ഒരു മാസം മുന്‍പ് അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവച്ചതായും ബര്‍മന്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാരില്‍ ജനങ്ങള്‍ നിരാശരാണ് എന്നതാണ് ഇന്നത്തെ സംഭവം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 11 ന് ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുത്തിയെന്നും ബര്‍മന്‍ പറഞ്ഞു. അശോക് ബൈദ്യയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വെസ്റ്റ് തൃപുര മണ്ഡലത്തിലെ വോട്ടെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടന്നത്.
ബി.ജെ.പിയില്‍ ആഭ്യന്തര ജനാധിപത്യമില്ലെന്നും അതിനാല്‍ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും അശോക് ബൈദ്യ പറഞ്ഞു.
‘അശോക് ബൈദ്യ നേരത്തെ ബി.ജെ.പി വിട്ടതാണ്. അദ്ദേഹം പ്രധാനപ്പെട്ട നേതാവ് ഒന്നുമല്ല. എല്ലാവര്‍ക്കും എവിടെയും പോകാനുള്ള പോകാനുള്ള അവകാശമുണ്ട്’- ബി.ജെ.പി വക്താവ് നബെന്ധു ഭട്ടാചാര്യ പ്രതികരിച്ചു.
അതേസമയം, സി.പി.എമ്മില്‍ നിന്ന് ഒരാളും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധാര്‍ പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 1,645 പോളിംഗ് സ്റ്റേഷനുകളിലായി 12,61,861 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മിതിദാനാവകാശം വിനിയോഗിക്കും.
Post Your Comments