KeralaNews

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇത്തവണയും ചെങ്ങറയില്‍ 3000 പേര്‍ക്ക് വോട്ടില്ല

 

ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന മൂവായിരം പേര്‍ക്ക് ഈ ലോകസഭാ തെരഞ്ഞെടുപ്പിലും വോട്ടവകാശമില്ല. വോട്ടവകാശത്തിനായി അപേക്ഷ നല്‍കിയെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അധികൃതര്‍ തയാറായില്ല. ഹാരിസണുമായുള്ള ഭൂമികേസ് ചൂണ്ടിക്കാട്ടിയാണ് വോട്ടവകാശം നിഷേധിക്കുന്നത്. 625ഓളം കുടുംബങ്ങളിലായി മൂവായിരത്തോളം വോട്ടര്‍മാരാണ് ചെങ്ങറ സമര ഭൂമിയില്‍ താമസിക്കുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി വോട്ടവകാശമില്ലാത്തവര്‍. ഈ ലോകസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താനായി അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ താമസിക്കുന്ന ഭൂമി ഹാരിസണുമായി കേസില്‍ കിടക്കുന്നതായതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴയില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തില്‍ നിന്ന് ലഭിച്ച മറുപടി. താല്‍ക്കാലിക വീട്ടു നമ്പരും റേഷന്‍ കാര്‍ഡും നല്‍കാന്‍ ഉത്തരവുണ്ടായിട്ടും അതും ലഭിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും റേഷന്‍ രേഖയും നല്‍കാന്‍ 2018 മേയ് 17ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനായുള്ള സര്‍വേയും പൂര്‍ത്തിയായി. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും റേഷന്‍ കാര്‍ഡ് നല്‍കാനും നടപടിയുണ്ടായില്ല. ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയില്‍ പ്രധാനമാണെന്ന് പറയുമ്പോള്‍ കൂടിയാണ് ചെങ്ങറയിലെ ഈ വോട്ട് നിഷേധം. വര്‍ഷങ്ങളായുള്ള ജീവിത സാഹചര്യവും ദുസ്സഹം. കുടിവെള്ളം ഉള്‍പ്പെടെയുള്ളവയ്ക്കായി കിലോമീറ്ററുകള്‍ പോകണം. അനുവദിച്ച അംഗന്‍വാടിയും സ്‌കൂളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇപ്പോഴും രേഖകളില്‍ മാത്രമായി ഒതുങ്ങുകയാണ്. വോട്ടില്ലത്തതു കൊണ്ടാവാം ജീവിതത്തില്‍ സ്വയം വഴി കണ്ടെത്തി സഞ്ചരിക്കുന്ന ഇവരെ കാണാന്‍ ഒരു മുന്നണിയും എത്തുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button