Latest NewsKerala

എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ.ഡി.ബാബു പോള്‍ അന്തരിച്ചു

തിരുവനന്തപുരം :ഭരണകര്‍ത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചു.

ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ല്‍ ജനനം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, ഇഎസ്എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.

ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍ മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button