ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും രാഹുല്‍ കേട്ടത് പ്രദേശിക നേതാക്കളുടെ വാക്കാണെന്ന് പവാര്‍ പറഞ്ഞു.
രാജ്യത്തെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന കാര്യം എന്‍.ഡി.എ ഇതര കക്ഷികള്‍ ഒരേ മനസ്സോടെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാനുള്ള മത്സരത്തിലല്ലെന്നും, നരേന്ദ്ര മോദിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നെന്നും പവാര്‍ പറഞ്ഞു.
കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പാര്‍ട്ടികള്‍ ബിജെപിക്കെതിരാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാരുടേയും ഉത്തരവാദിത്തമാണ്. ഇതിനെ തുടര്‍ന്നാണ് വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വയനാടിന് പകരം തൊട്ടപ്പുറത്തെ കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലത് എന്നായിരുന്നു തന്റെ അഭിപ്രായമെന്നും ശരദ് പവാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയാണ് രാഹുല്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തില്‍ മുഖ്യ പങ്ക് വഹിച്ചതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments