ആലത്തൂര്‍: നദിയും മലഞ്ചെരിവുകളും പാട വരമ്പുകളുമെല്ലാം നിറഞ്ഞ്, ഗ്രാമീണത തങ്ങി നില്‍ക്കുന്ന ഒരിടം. പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്‍ക്കുന്ന ദേശമാണ് ആലത്തൂര്‍. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങളാണ് ആലത്തൂരില്‍ അധികവും. എന്തായാലും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം.
പാലക്കാട് ജില്ലയിലെയും തൃശൂര്‍ ജില്ലയിലെയും വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 2008 ലാണ് ആലത്തൂര്‍ എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍മ്മാണം നടന്നത്. അതിനു മുമ്പ് ഒറ്റപ്പാലം എന്നായിരുന്നു മണ്ഡലം അറിയപ്പെട്ടിരുന്നത്. 2009- ലായിരുന്നു ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമ സഭാ മണ്ഡലങ്ങളും ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് ആലത്തൂരില്‍ നടക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ടി.വി ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ബിജുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യഹരിദാസും മത്സരിക്കുമ്പോള്‍ ആലത്തൂര്‍ ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം.
എടുത്തു പറയത്തക്ക തെരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്. 2009 ലും 2014 ലും നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനു തന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. പി കെ ബിജുവിലൂടെയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയം നേടിയത്. 2009 -ല്‍ നടന്ന ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ 201960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ ബിജു പരാജയപ്പെടുത്തിയത്. എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന പി കെ ബിജുവിന് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ല. അതുകൊണ്ടുതന്നെ ജനപ്രതിനിധിയായി പത്തു വര്‍ഷം പിന്നിടുമ്പോഴും ആലത്തൂരില്‍ മറിച്ചൊരു പേര് സിപിഎമ്മിന് ചിന്തിക്കേണ്ടിവന്നില്ല. സിറ്റിങ്ങ് എംപി പി.കെ ബിജു തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. നേരിട്ട രണ്ടു തിരഞ്ഞെടുപ്പിലും എതിരാളികളെ മികച്ച ഭൂരിപക്ഷത്തിനു തറപറ്റിക്കാനായി എന്നതിന്റെ ചരിത്രമാണ് ബിജുവിന്റെയും പാര്‍ട്ടിയുടെയും ആത്മവിശ്വാസത്തിന് പിന്നില്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ തുടങ്ങി നിളാ നദിയുടെ കരയോട് ചേര്‍ന്ന് കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ കാര്യക്ഷമായി ഇടപെടാന്‍ ആയെന്ന വിലയിരുത്തല്‍ തന്നെയായിരുന്നു പാര്‍ട്ടി ബിജുവിനെ മുന്നാം അങ്കത്തിന് നിയോഗിച്ചതും. കുടിവെള്ള പ്രശ്‌നം, മണ്ഡലത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പുരോഗതിയായിരിക്കും ബിജു ഇത്തവണ മണ്ഡലത്തില്‍ ഉയര്‍ത്തിക്കാട്ടുക.
അതിനിടെ, ജനകീയ പ്രശ്‌നങ്ങളില്‍ പി കെ ബിജുവിന്റെ പ്രവര്‍ത്തനം അത്ര മികച്ചതല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മണ്ഡലത്തിലുള്ളവര്‍ക്ക് ജനപ്രതിനിധിയെ കിട്ടുന്നില്ലെന്നായിരുന്നു ഇതിലെ പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ സാഹചര്യം മുന്‍നിര്‍ത്തി ഇത്തവണ ചേലക്കര മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്റെ പേരും ഒരുഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ടിരുന്നു. ഈ നിര്‍ദേശം മറികടന്നാണ് പാര്‍ട്ടി ഇത്തവണയും മണ്ഡലം ഡോ. പി കെ ബിജുവിനെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്.
അതേസമയം തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി. ബാബുവിനെ വരവേല്‍ക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കര്‍ഷകനായി ജീവിതം നയിക്കുന്ന ടി.വി. ബാബു സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിവുള്ളവനാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.
മണ്ഡലം രൂപീകരിച്ചതു മുതല്‍ പത്ത് വര്‍ഷമായി അനുഭവിക്കുന്ന വികസന മുരടിപ്പും കാര്‍ഷിക മേഖലയുടെ തളര്‍ച്ചയും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ പ്രതിനിധിയുണ്ടായാല്‍ അത് മണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്.
കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1990 കാലഘട്ടത്തില്‍ കടങ്ങോട് പട്ടികജാതി പട്ടയഭൂമിക്ക് വേണ്ടി നടത്തിയ സമരം ഐതിഹാസികമാണ്. തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറിയായി പൊതുജീവിതം ആരംഭിച്ചു.
പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി, ഏഴ് വര്‍ഷം സംസ്ഥാന പ്രസിഡന്റ്, മൂന്ന് വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍, സിപിഐ മാട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി, എഐടിയുസി ചേര്‍പ്പ് മണ്ഡലം സെക്രട്ടറി, സിപിഐ ചേര്‍പ്പ് മണ്ഡലം മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 ഫെബ്രുവരി ആറ് വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 2011 ല്‍ നാട്ടിക മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 11,144 വോട്ട് ലഭിച്ചപ്പോള്‍ 2016 ല്‍ അത് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 33,650 വോട്ടുകള്‍ നേടാന്‍ ടി.വി. ബാബുവിന് കഴിഞ്ഞിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി 12 പേരുകള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യാ ഹരിദാസ്. അധികം കേട്ട് പരിചയമില്ലാത്ത ഈ വനിതാ നേതാവ് ആരാണെന്നായി പിന്നീട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അധികം വൈകാതെ തന്നെ ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്ന ഈ യുവ നേതാവ് ചില്ലറക്കാരിയല്ലെന്ന് വ്യക്തമായി.
ആറ് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ടെടുത്ത യുവനേതാവാണ് രമ്യാ ഹരിദാസ്. നാല് ദിവസം നീണ്ടു നിന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിനിടെ രമ്യയുടെ നേതൃത്വ പാടവം രാഹുല്‍ ഗാന്ധി തിരിച്ചറിയുകയായിരുന്നു. നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും കഴിവുതെളിയിച്ചയാളാണ് രമ്യാ. പാട്ട് പാടിയും ഒഴുക്കോടെ സംസാരിച്ചും കേള്‍വിക്കാരെ കൈയ്യിലെടുക്കുന്ന രമ്യാ ഹരിദാസിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.
പഠന കാലത്ത് കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു രമ്യാ ഹരിദാസ്. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയാണ് രമ്യാ. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തക കൂടിയാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട് രമ്യാ. കലോത്സവങ്ങളിലും നൃത്തവേദികളും തിളങ്ങി. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷത്തിലും പ്രത്യക്ഷപെടുകയുണ്ടായി.
Post Your Comments