KeralaLatest News

തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി : തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി നല്‍കി. വെടിക്കെട്ടിന് സുപ്രിംകോടതി അനുമതി നല്‍കി. തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണത്തില്‍ കോടതി ഇളവ് അനുവദിച്ചു. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താം. പടക്കങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ അനുമതിയോടെ ഉപയോഗിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് ഇളവ് തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.

2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. രാത്രി എട്ടു മണിക്കും പത്തിനും ഇടയില്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നായിരുന്നു നേരത്തെ സുപ്രിംകോടതി വിധിച്ചത്.

ഇതില്‍ ഇളവ് വേണമെന്നായിരുന്നു ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. തൃശൂര്‍ പൂര വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുന്നത്. കൂടാതെ ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ദേവസ്വങ്ങള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദേവസ്വങ്ങളുടെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണച്ചു. തുടര്‍ന്നാണ് ആചാരപ്രകാരമുള്ള സമയത്ത് തന്നെ പൂര വെടിക്കെട്ട് നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്. വെടിക്കെട്ട് തടഞ്ഞതില്‍ പൂരപ്രേമികള്‍ കടുത്ത നിരാശയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button