KeralaLatest News

സംസ്ഥാനത്ത് മുമ്പെങ്ങും കാണാത്ത വിധം എന്‍ഡിഎ തരംഗം : സീറ്റ് ലക്ഷ്യമിട്ട് പ്രചാരണത്തിന് മോദി വീണ്ടും എത്തുന്നു : ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കാണാത്ത എന്‍ഡിഎ തരംഗമാണ് ഇപ്പോള്‍ പ്രത്യക്ഷമായിരിക്കുന്നത്. ദേശീയ-സംസ്ഥാന ബിജെപി നേതൃത്വങ്ങള്‍ക്ക് തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ഏറെ പ്രതീക്ഷയുണ്ട്താനും. ഇതോടെ സംസ്ഥാനത്ത് പ്രചാരണം കടുപ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 18ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് ബിജെപിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ശബരിമലയില്‍ പ്രധാനമന്ത്രിയെ എത്തിയ്ക്കാനും ബിജെപി സംസ്ഥാനഘടകം ശക്തമായി ശ്രമിക്കുന്നുണ്ട്. മേട മാസ പൂജകള്‍ക്കായി ശബരിമല തുറന്നിരിക്കുകയാണ്. 19നാണ് നട അടയ്ക്കുന്നത്. 18ന് തന്നെ മോദിയെ ശബരിമലയില്‍ എത്തിക്കാനാണ് കേരള ഘടകത്തിന്റെ ശ്രമം.

ഇതിന് മുമ്പ് പല തവണ നരേന്ദ്രമോദി ശബരിമലയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വരവ് നടന്നിരുന്നില്ല. മോദി മലകേറിയാല്‍ ശബരിമല വിഷയം പ്രചാരണ വിഷയമാക്കി കേരളത്തിലെ ബി.ജെ.പിക്ക് അത് ഒരു വലിയ ആയുധമാക്കാനാവും. വിജയ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അത് വളരെ സഹായകമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

കേരളത്തില്‍ കൂടാതെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശബരിമലയിലേക്ക് ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന സംസ്ഥാനങ്ങളില്‍ പെടുന്നതാണ് തമിഴ് നാടും കര്‍ണാടകയും. ശബരിമല വിഷയം സംസ്ഥാനത്തിന് പുറത്തും ബി.ജെ.പി പ്രചാരണത്തിനെടുത്തുകഴിഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും സുപ്രീംകോടതിയെ ഭക്തരുടെ വികാരം അറിയിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രധാനമന്ത്രി നാളെ കോഴിക്കോട് എത്തുമ്പോള്‍ ശബരിമലയിലെത്തണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ ഉന്നയിക്കും. ബി.ജെ.പി സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ പിന്നീടെടുത്ത കേസുകളും തങ്ങള്‍ക്കനുകൂലമായ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മോദി വന്നാല്‍ അത് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button