കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോൾ കുറ്റപത്രത്തിന് കളക്ടറുടെ അനുമതി ലഭിച്ചു .കുറ്റപത്രത്തിന് അനുമതി ജില്ലാ ഭരണകൂടം കേസ് അട്ടിമറിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് കളക്ടർ അനുമതി നൽകിയത്.
ചില സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതിനാലാണ് അനുമതി നല്‍കാൻ വൈകിയതെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയൻ പറഞ്ഞു. കേസിൽ കളക്ടറുടെ തീരുമാനത്തിന് വിട്ടിട്ട് രണ്ട് വർഷമായി. ഫയൽ കണ്ടില്ലെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു.
2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് ആ വലിയ ദുരന്തം സംഭവിച്ചത്.വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളുടെ മുകളിലേക്ക് വീണാണ് അപകടം നടന്നത്.അപകടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് ഉത്സവത്തിനെത്തിയ കൂടുതൽ ആളുകളും മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചുകഴിഞ്ഞിട്ടില്ല.
Post Your Comments