![](/wp-content/uploads/2019/04/nuyt.jpg)
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികള്‍ വിതരണം ചെയ്ത് തുടങ്ങിയതായിവ്യവസായ മന്ത്രി ഇ പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സംസ്ഥാനത്തെ സകൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികള്‍ വിതരണം ചെയ്ത് തുടങ്ങി. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവും ഹാന്‍ടെക്സുമാണ് യൂണിഫോമിനാവശ്യമായ തുണികള്‍ വിതരണം ചെയ്യുന്നത്. ഡിപിഐ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 37,32,578.2 മീറ്റര്‍ തുണിയാണ് സൗജന്യ യൂണിഫോം വിതരണത്തിനായി ആവശ്യമുള്ളത്.
കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച തുണികള്‍ മുഴുവനും ശേഖരിച്ച് ഈ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. 5000ത്തോളം തൊഴിലാളികള്‍ക്ക് നേരിട്ടും അതിലധികം തൊഴിലാളികള്‍ക്ക് അല്ലാതെയും ഇതിലൂടെ തൊഴില്‍ ലഭ്യമാകും. 876 കോടി രൂപ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ സര്‍ക്കാര്‍ നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ പഠനത്തില്‍ ഈ പദ്ധതി വന്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യൂണിഫോം വിതരണം തുടങ്ങിയത്. ഇതില്‍ 2,58,452.62 മീറ്റര്‍ തുണി ഹാന്‍ടെക്സും 1,76,480.20 മീറ്റര്‍ തുണി ഹാന്‍വീവും വിതരണം ചെയ്തു കഴിഞ്ഞു. മെയ് പകുതിയോടെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനാണ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും സ്‌കൂളുകള്‍ക്ക് അനുസരിച്ച് ആവശ്യമായ അളവ് തുണികള്‍ മുറിച്ച് കെട്ടുകളാക്കി സ്‌കൂളുകളില്‍ എത്തിക്കുന്ന പണികള്‍ വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. തൊഴിലാളികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഹാന്‍ടെക്സും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണികള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴിലാളികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം പദ്ധതി ഒരുക്കിയത്.
Post Your Comments