ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ചാല്‍ ലാലു രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ലാലു പ്രസാദ് യാദവ് ഇടപെടാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ആരോഗ്യ സ്ഥിതി മോശമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവ് ജാമ്യത്തിന് അപേക്ഷിച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ അദ്ദേഹം നടത്തിയെന്നും സിബിഐ ആരോപിച്ചു. ആശുപത്രിയില്‍ കിടന്നും ലാലു രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയതിന് ആശുപത്രിയിലെ സന്ദര്‍ശകരുടെ ലിസ്റ്റില്‍ തെളിവുകളുണ്ടെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
Post Your Comments