ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമ്മീഷൻ വ്യക്തമാക്കി.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിംഗ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്.
23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്.
Post Your Comments