KeralaLatest NewsCandidates

ജനപ്രിയ നായകന്‍ വീണ്ടും പൊന്നാനിയില്‍

മലപ്പുറം: ജി എം ബനാത്ത് വാലയ്ക്കൊപ്പം ആറു വട്ടവും സുലൈമാന്‍ സേട്ടിനൊപ്പം ഒരു വട്ടവും നിന്ന മണ്ഡലത്തിന്റെ ഭരണം ഒരു മലയാളിയിലെത്തുന്നത് 2004ലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തിന് കിട്ടുന്ന ആ മലയാളി എംപിയാണ് ഇ അഹമ്മദ്. 2009ല്‍ ഇ അഹമ്മദിന്റെ പിന്‍ഗാമിയായാണ് ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തിലെത്തുന്നത്. നാലുവട്ടം എംഎല്‍എ ആയിരുന്ന അദ്ദേഹം ഒരു തവണ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും ആയിരുന്നു. 2014ലും പൊന്നാനി മണ്ഡലം ഇ ടി മുഹമ്മദ് ബഷീറിനൊപ്പം നിന്നു.

2009ല്‍ 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജയിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഹുസൈന്‍ രണ്ടത്താണിയെ ഇ ടി നിലംപരിശാക്കി. എന്നാല്‍ 2014ല്‍ കഥ മാറി. മണ്ഡലം നിലനിര്‍ത്തിയെങ്കിലും വിജയത്തിന്റെ തിളക്കം കുറഞ്ഞു. കാല്‍ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ ലീഗിനെ വിറപ്പിച്ചുവെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് വിമതനായ വി അബ്ദുറഹ്മാനെ മുന്‍നിര്‍ത്തി മികച്ച പോരാട്ടമാണ് എല്‍ഡിഎഫ് കാഴ്ച വെച്ചത്. ഇത്തവണയും ശക്തമായ പോരാട്ടമാണ് പൊന്നാനിയില്‍ നടക്കുന്നത്. പൊന്നാനിയില്‍ ഇ.ടി ജയിക്കുമെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. കാരണം ജനമനസ്സുകളില്‍ അത്രയേറെ സ്ഥാനമുണ്ട് ബഷീറിന്. രണ്ട് തവണ പൊന്നാനിയില്‍ നിന്നും എം.പിയായും അതിനു മുമ്പ് തുഞ്ചത്തെഴുച്ഛന്റെ മണ്ണായ തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു ഇവിടെത്തെ വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. വോട്ടര്‍മാരുമായി അത്രമാത്രം ഇടപഴകുന്ന ബഷീറിനു മണ്ഡലത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണെങ്ങും. ഒപ്പം എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും. എന്തായാലും മണ്ഡലത്തില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ലീഗും പിടിച്ചെടുക്കാന്‍ ഇടത് മുന്നണിയും പുതിയ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button