തിരുവനന്തപുരം•ശബരിമല സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് വിശ്വാസികളെ പിന്നില്‍നിന്ന് കുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. യുവതീപ്രവേശന വിധി നടപ്പാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കേരളത്തില്‍ വന്നപ്പോള്‍ പോലും വിശ്വാസികള്‍ക്ക് വേണ്ടി രാഹുല്‍ ഒന്നും പറഞ്ഞില്ല. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയും ശബരിമലയെക്കുറിച്ച് മൗനത്തിലാണ്. ശബരിമലയില്‍ നിലപാട് വ്യക്തമാക്കാന്‍ എഐസിസി തയ്യാറാകണം. വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകടനപത്രികയില്‍ രാമക്ഷേത്രവും അയോധ്യയും പരാമര്‍ശിച്ചതില്‍ അപാകതയുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുന്ന പ്രകടനപത്രിക പ്രചരിപ്പിക്കാന്‍ ബിജെപിക്ക് അവകാശമുണ്ട്. ശബരിമലയല്ലാതെ മറ്റ് വിഷയങ്ങളില്ലേയെന്നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചോദിച്ചത്. ഇത് സിപിഎമ്മിന്റെ ആരോപണമാണ്. അനാവശ്യമായി ബിജെപിയെ പ്രതിക്കൂട്ടിലാക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടിക്കെതിരെ അപ്പീല്‍ പരിശോധിക്കേണ്ട കമ്മീഷന്‍ ആദ്യമേ തെറ്റാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ബാബറി മസ്ജിദിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍ ശബരിമലയിലെ അടിച്ചമര്‍ത്തലുകളെക്കുറിച്ച് ബിജെപിക്കും പറയാം. സുരേഷ് ഗോപിക്കെതിരായ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് ശേഷം ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍ എന്നീ മൂന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ നൂറ് കണക്കിന് കേസുകളാണ് ചുമത്തിയത്. സംസ്ഥാന അധ്യക്ഷനെതിരെയും കേസെടുക്കാന്‍ പോവുകയാണ്. കോഴിക്കോട് സ്ഥാനാര്‍ത്ഥിയായ കെ.പി. പ്രകാശ് ബാബുവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് തടയാന്‍ സര്‍ക്കാരും പോലീസും ഗൂഡാലോചന നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ ആദ്യത്തെ സംഭവമാണ്. ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയിലില്‍ക്കിടന്ന് മത്സരിച്ച് വന്‍ഭൂരിപക്ഷത്തിന് ജയിച്ച ചരിത്രം സിപിഎം മറക്കരുത്.
വിജലന്‍സ് അന്വേഷണം നടകത്തി തെളിവില്ലെന്ന് കണ്ടെത്തി കേസെടുക്കാതെ അവസാനിപ്പിച്ച മെഡിക്കല്‍ കോഴ ആരോപണം ക്രൈംബ്രാഞ്ചിന് വിട്ടത് നിയമവാഴ്ചയുടെ അന്ത്യമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്ത് രമേശ് ചെന്നിത്തലക്ക് പരാതി നല്‍കാന്‍ ഉള്‍വിളിയുണ്ടായത് സിപിഎമ്മിന് വേണ്ടിയാണ്. ബിജെപിയെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നാണ് സിപിഎമ്മും സിപിഐയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് നേതാക്കള്‍ ഓര്‍ക്കണം. അദ്ദേഹം വ്യക്തമാക്കി.
Post Your Comments