പൊന്നാണ് മുസ്ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ല്‍ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം പോലും അത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തിരിഞ്ഞുകുത്തി. ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും പൊന്നാനിയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുന്നത് എല്‍ഡിഎഫ് ശുഭസൂചനയായി കാണുന്നു. കയറാന്‍ മാത്രമുള്ളതല്ല, ഇറങ്ങാനുമുള്ളതാണു കോണിയെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നു. രാഷ്ട്രീയത്തിന് അപ്പുറം ചില കൗതുകങ്ങള്‍ കൂടി കലര്‍ന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ കാര്യം. ഏഴ് വട്ടം മലയാളികളല്ലാത്ത എംപിമാര്‍ ഭരിച്ച മണ്ഡലമാണ് പൊന്നാനി. ഇത്തവണയും പൊന്നാനി മണ്ഡലത്തില്‍ അതിശക്തരാണ് മത്സരിക്കുന്നത്.
ജി എം ബനാത്ത് വാലയ്‌ക്കൊപ്പം ആറു വട്ടവും സുലൈമാന്‍ സേട്ടിനൊപ്പം ഒരു വട്ടവും നിന്ന മണ്ഡലത്തിന്റെ ഭരണം ഒരു മലയാളിയിലെത്തുന്നത് 2004ലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തിന് കിട്ടുന്ന ആ മലയാളി എംപിയാണ് ഇ അഹമ്മദ്. 2009ല്‍ ഇ അഹമ്മദിന്റെ പിന്‍ഗാമിയായാണ് ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തിലെത്തുന്നത്. നാലുവട്ടം എംഎല്‍എ ആയിരുന്ന അദ്ദേഹം ഒരു തവണ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും ആയിരുന്നു. 2014ലും പൊന്നാനി മണ്ഡലം ഇ ടി മുഹമ്മദ് ബഷീറിനൊപ്പം നിന്നു.
2009ല്‍ 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജയിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഹുസൈന്‍ രണ്ടത്താണിയെ ഇ ടി നിലംപരിശാക്കി. എന്നാല്‍ 2014ല്‍ കഥ മാറി. മണ്ഡലം നിലനിര്‍ത്തിയെങ്കിലും വിജയത്തിന്റെ തിളക്കം കുറഞ്ഞു. കാല്‍ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ ലീഗിനെ വിറപ്പിച്ചുവെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് വിമതനായ വി അബ്ദുറഹ്മാനെ മുന്‍നിര്‍ത്തി മികച്ച പോരാട്ടമാണ് എല്‍ഡിഎഫ് കാഴ്ച വെച്ചത്. ഇത്തവണയും ശക്തമായ പോരാട്ടമാണ് പൊന്നാനിയില്‍ നടക്കുന്നത്. പൊന്നാനിയില്‍ ഇ.ടി ജയിക്കുമെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. കാരണം ജനമനസ്സുകളില്‍ അത്രയേറെ സ്ഥാനമുണ്ട് ബഷീറിനു. രണ്ട് തവണ പൊന്നാനിയില്‍ നിന്നും എം.പിയായും അതിനു മുമ്പ് തുഞ്ചത്തെഴുച്ഛന്റെ മണ്ണായ തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു ഇവിടെത്തെ വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. വോട്ടര്‍മാരുമായി അത്രമാത്രം ഇടപഴകുന്ന ബഷീറിനു മണ്ഡലത്തില്‍ സ്നേഹോഷ്മളമായ സ്വീകരണമാണെങ്ങും. ഒപ്പം എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും. എന്തായാലും മണ്ഡലത്തില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ലീഗും പിടിച്ചെടുക്കാന്‍ ഇടത് മുന്നണിയും പുതിയ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും.
അതേസമയം നിലമ്പൂര്‍ മണ്ഡലത്തില്‍ 35 വര്‍ഷത്തെ യുഡിഎഫ് വിജയത്തിന് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അന്‍വര്‍ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയില്‍ ജനം നട്ടംതിരിയുമ്പോള്‍ തിരിഞ്ഞുനോക്കാതെ തീര്‍ഥാടനത്തിനു പോകുന്നവരല്ല, അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് മൂന്ന് വര്‍ഷത്തെ എംഎല്‍എ ജീവിതത്തിലൂടെ പി വി അന്‍വര്‍ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ കാക്കാന്‍ മുന്നിട്ടിറങ്ങിയ അന്‍വറിന്റെ സാന്നിധ്യം ജനം മറക്കില്ല.
ആഗസ്ത് ഒമ്പതിന് മുങ്ങിയ വണ്ടുര്‍ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങള്‍ പ്രാണനായി കേണപ്പോള്‍, വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്ന സ്‌ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഏറണാകുളത്ത് നിന്ന് നിലമ്പൂരില്‍ എത്തിച്ചത് അന്‍വറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ സ്വന്തം ചെലവില്‍ ജനറേറ്റര്‍ നല്‍കി. നിലമ്പൂര്‍ ഗവ. കോളേജ് യാഥാര്‍ഥ്യമാക്കി, മാനവേദന്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകള്‍, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത നേട്ടങ്ങള്‍ക്കാണ് അന്‍വര്‍ നിലമ്പൂരില്‍ തുടക്കം കുറിച്ചത്.
2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്‌കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്‌കുളുകളില്‍ രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ 450 കോടിയുടെ വികസനമാണ് നിലമ്പൂരില്‍ പുരോഗമിക്കുന്നത്.
എന്നാല്‍ വി.ടി രമ വരുന്നത് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയില്‍ 2016ലെ സ്ഥാനാര്‍ഥിയായിരുന്നു വി ടി രമ. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാമ്പി സംസ്‌കൃതകോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വനിതാസ്ഥാനാര്‍ഥിയെന്നതും കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ശബരിമല വിഷയത്തിലെ ഇടപെടലുകളും ഗുണകരമാകുമെന്ന് ബിജെപി കരുതുന്നു. എന്നാല്‍ ശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവമാണ് വെല്ലുവിളിയാകുന്നത്.
Post Your Comments