ന്യൂഡല്‍ഹി•കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നുള്ള സൂചനയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കേരളം കോണ്‍ഗ്രസ് തൂത്തുവരുമെന്നാണ് ടൈംസ് നൗ-വി.എം.ആര് സര്‍വേ ഫലം പറയുന്നത്.
യു.ഡി.എഫിന് 17 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 2014 ല്‍ യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്. യു.ഡി.എഫിന് 5 സീറ്റിന്റെ വര്‍ധനയാണ് സര്‍വേ പ്രവചിക്കുന്നത്.
എല്‍.ഡി.എഫ് തകര്‍ന്നടിയുമെന്നും സര്‍വേ പറയുന്നു. സി.പി.എം നേതൃത്വം നല്കുന്ന എല്‍.ഡി.എഫ് കേവലം രണ്ട് സീറ്റില്‍ ഒതുങ്ങും. 2014 നെ അപേക്ഷിച്ച് 6 സീറ്റുകളുടെ കുറവാണ് സര്‍വേ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണ 8 സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്.
ബി.ജെ.പി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സര്‍വേ. ഒരു സീറ്റാണ് കേരളത്തില്‍ ബി.ജെ.പിയ്ക്ക് ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്.
46.97 ശതമാനം വോട്ടുകള്‍ യു.ഡി.എഫ് നേടുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ തവണത്തെത്തില്‍ നിന്നും 4.99 ശതമാനം വോട്ടുകളുടെ വര്‍ധന.
എല്‍.ഡി.എഫ് വോട്ടുവിഹിതം 28.11 ശതമാനമായി ചുരുങ്ങും. അതായത് 12.01 ശതമാനം വോട്ടിന്റെ ഇടിവ്. 2014 ല്‍ 40.12 ശതമാനം വോട്ടുകളാണ് എല്‍.ഡി.എഫ് നേടിയത്.
ബി.ജെ.പിയുടെ വോട്ട് വിഹിതം 20.85 ശതമാനമായി ഉയരുമെന്നും സര്‍വേ പറയുന്നു. അതായത് 10.28 ശതമാനത്തിന്റെ വര്‍ധന. 2014 ബി.ജെ.പി വോട്ടുവിഹിതം 10.57 ശതമാനമായിരുന്നു. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
Post Your Comments