തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണ്ഡലവും കോഴിക്കോടാണ.് കാരണം മറ്റൊന്നുമല്ല, 1937ല്‍ കോഴിക്കോടുള്ള തിരുവണ്ണൂരില്‍ വച്ചായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവി കൊണ്ടത്. 1939ല്‍ പിണറായിയില്‍ നടന്ന സമ്മേളനത്തോടെയായിരുന്നു പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടത് എന്നതാണ് ചരിത്രം.
വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും ഇത്തവണ മണ്ഡലത്തില്‍ വിജയമുറപ്പ് എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇത്തവണ ബിജെപി പോരാട്ടത്തിനിറങ്ങുന്നത്.എന്നല്‍’ജനിച്ച’ നാട് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഇത്തവണയെങ്കിലും സാധിക്കണമെന്ന നിലപാടിലാണു ഇടതു പക്ഷം. അതുകൊണ്ടുതന്നെ ഏറെ ശുഭപ്രതീക്ഷകളോടെയാണു സിപിഎം ഇവിടെ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം, ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്നും പ്രവര്‍ത്തന മികവു മണ്ഡലത്തിലെ ജനങ്ങള്‍ മറക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാല്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ വിജയ പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.
കോഴിക്കോട്ട് 1980ല്‍ ഇ.കെ. ഇമ്പിച്ചിബാവ ജയിച്ചതൊഴികെ, പിന്നെയൊരുവട്ടം പോലും സിപിഎം സ്ഥാനാര്‍ഥി ഇവിടെ ലോക്‌സഭയിലേതക്ക് വിജയിച്ചിട്ടില്ല. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം.പി. വീരേന്ദ്ര കുമാര്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അല്ലാത്തപ്പോഴെല്ലാം മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമാണു വിജയിച്ചിട്ടുള്ളത്. ഇത്തവണ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ് കുമാറിനെയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായി നിയോഗിച്ചിട്ടുള്ളത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ എം.കെ. രാഘവന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സംസ്ഥാന യുവമോര്‍ച്ചാ പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
നേരത്തെ മഞ്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ബേപ്പൂരും കുന്നമംഗലവും ഉള്‍പ്പടെ എലത്തൂര്‍, ബാലുശേരി, കൊടുവള്ളി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണു കോഴിക്കോട് ലോക്‌സഭാ മണ്ഡലം. ഇതില്‍ കോഴിക്കോട് സൗത്ത് ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് ഇടതു മുന്നണിയാണ്. ഈ നിയമസഭാ മണ്ഡലങ്ങളിലെ നേട്ടം നല്‍കുന്ന ശുഭ പ്രതീക്ഷയില്‍ വിശ്വസിച്ചാണ് പഴയ കണക്കുകള്‍ തള്ളി ഇടതുമുന്നണി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ട്. വലിയൊരു വിഭാഗം ഇടതുമുന്നണിയിലേക്കും മറ്റൊരു വിഭാഗം ബിജെപിയിലേക്കും പോയി എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ വ്യക്തമായത്.
മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം 2009ല്‍ പി.എ. മുഹമ്മദ് റിയാസിനെ കളത്തിലിറക്കുമ്പോള്‍ സിപിഎമ്മിനു കോഴിക്കോട്ട് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ 838 വോട്ടുകള്‍ക്കാണു കോഴിക്കോട് ലോക്‌സഭാ മണ്ഡലം സിപിഎമ്മിനു നഷ്ടമായത്. ഇടതു മുന്നണി വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ റിയാസിന്റെ തോല്‍വിക്കു കാരണമായി വിലയിരുത്തുന്ന പല ഘടകങ്ങളുണ്ട്. ഇടതു മുന്നണിയില്‍ത്തന്നെ ഒരു വിഭാഗത്തിനുണ്ടായിരുന്ന എതിര്‍പ്പു മുതല്‍ ഇടതു വിമതര്‍, ജനതാദള്‍ മുന്നണി വിട്ടത് തുടങ്ങി അപരന്‍ വരെ കാരണമായി വിലയിരുത്തപ്പെടുന്നു. മുഹമ്മദ് റിയാസിന്റെ നാല് അപരന്മാര്‍ ചേര്‍ന്ന് 4,843 വോട്ടുകളാണ് അന്ന് പിടിച്ചത്. എം.കെ. രാഘവന്റെ രണ്ട് അപരന്‍മാര്‍ ആകെ പിടിച്ചത് 2772 വോട്ടുകളും. 2014 ല്‍ 16,883 വോട്ടുകള്‍ക്കാണ് ഇവിടെ ഇടതു സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. സംഘടനാപരമായി ഇടതു പക്ഷത്തിനുണ്ടായ വോട്ടു ചോര്‍ച്ചയാണ് ഈ കാലയളവിലെ തോല്‍വിയുടെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ പത്തു വര്‍ഷം കോഴിക്കോടിനു വേണ്ടി താന്‍ ചെയ്തതു മറന്നു വോട്ടു ചെയ്യാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കു സാധിക്കില്ലെന്ന ആത്മവിശ്വാസവുമായാണ് എം.കെ. രാഘവന്‍ വീണ്ടുമൊരു അങ്കത്തിനിറങ്ങുന്നത്. ആരോഗ്യമേഖലയിലും റെയില്‍വേയിലുമെല്ലാം ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് എം.കെ. രാഘവന്‍ നിരത്തുന്ന പട്ടികയില്‍ ആദ്യസ്ഥാനത്തുള്ളത്. 44.5 കോടി രൂപ മുടക്കി നടപ്പാക്കിയ കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ്, പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ നടപ്പാക്കിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഷനാക്കിയ പദ്ധതികള്‍ തുടങ്ങി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നിരവധി നേട്ടങ്ങള്‍. സഭയില്‍ മുടങ്ങാതെ പങ്കെടുത്തതു മുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചതും എല്ലാ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുള്ളതും എംപി എന്ന നിലയില്‍ തന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
2009ല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തിയ എം.കെ. രാഘവന്‍ 2014ല്‍ ഭൂരിപക്ഷം 16,883 ആയി ഉയര്‍ത്തി. സിറ്റിങ് എംപി തന്നെ മല്‍സരിച്ചാല്‍ മതിയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിച്ച് വീണ്ടും മല്‍സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അദ്ദേഹം. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഘവനെതിരെ ഒരു ഹിന്ദി ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു.എന്നാല്‍ ഇത് അടിസ്ഥാന രഹരിതമാണെന്നും അന്വേഷണം നടത്തണമെന്നുമാണു യുഡിഎഫിന്റെ ആവശ്യം. ദൃശ്യങ്ങള്‍ വ്യാജമാണെന്നും ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും പറഞ്ഞാണു രാഘവന്‍ ഇതിനെ പ്രതിരോധിച്ചത്. നിലവില്‍ വിഷയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പരിഗണനയിലാണ്
എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഇത്തവണ കോഴിക്കോട് കൈപ്പിടിയിലൊതുക്കുമെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപനം. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എ എ. പ്രദീപ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ജനകീയനായ ഒരു നേതാവിനെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇടതു മുന്നണി. കോഴിക്കോടിന് ഏറെ ഇഷ്ടപ്പെട്ട സിപിഎമ്മുകാരനായാണു പ്രദീപ് കുമാര്‍ വിലയിരുത്തപ്പെടുന്നത്. നേരത്തെ കോഴിക്കോട് സൗത്തിനെ പ്രതിനിധീകരിച്ചും നിയമസഭയിലെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാര്‍ കലാലയ രാഷ്ട്രീയത്തിലൂടെയാണു ജനങ്ങളിലേക്കെത്തിയത്
ഈ കാലഘട്ടത്തിനിടെ എ. പ്രദീപ് കുമാറിന് എംഎല്‍എ എന്ന നിലയില്‍ എടുത്തു പറയാന്‍ നേട്ടങ്ങള്‍ ഏറെ. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന രാജ്യത്തെ ഏക സര്‍ക്കാര്‍ സ്‌കൂള്‍ എന്ന നിലയിലേക്ക് നടക്കാവ് സ്‌കൂളിനെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രിസം പദ്ധതിക്കു പിന്നില്‍ പ്രദീപ് കുമാറിന്റെ പ്രയത്‌നമായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ മറ്റ് ഏതാനും പദ്ധതികളുമുണ്ട് എടുത്തു പറയാന്‍. കോഴിക്കോട് ബീച്ച് ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതും ഗതാഗത മാര്‍ഗങ്ങള്‍ക്കു പുതിയ മുഖം നല്‍കിയതും കായിക മേഖലയ്ക്കു നല്‍കിയ സംഭാവനകളുമെല്ലാം നേട്ടങ്ങളായി ഇടതുമുന്നണി എടുത്തു കാട്ടുന്നു. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇടതു മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്കു പിന്നില്‍. നേരത്തെ കോഴിക്കോടിനെ പ്രതിനിധീകരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ഇത്തവണ ഒപ്പമുള്ളതും വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
രാഷ്ട്രീയ വിഭജനം വന്നു കഴിഞ്ഞാല്‍ ഇടതു മുന്നണിക്ക് ലീഡ് ചെയ്യാനാകുംമെന്നാണ് ചരിത്രം. കഴിഞ്ഞ പത്തു വര്‍ഷം കോഴിക്കോടിനുണ്ടായ വികസന മുരടിപ്പ് ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിക്കാന്‍ സാധിക്കുന്നുണ്ട്. അതുകണ്ട് തന്നെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് കെ.പി പ്രകാശ് ബാബുവും വിജയമാവര്‍ത്തിക്കാനൊരുങ്ങി എം.കെ വിജയരാഘവനും ജനകീയ നേതാവെന്ന പരിവേഷം ലോക്‌സഭയിലേക്കും വഴിയൊരുക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പ്രദീപ് കുമാര്‍ എം എല്‍ എയും തീപാറുന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.
Post Your Comments