തൃശൂര്‍: നീതുവിനെ കൊന്നത് മറ്റൊരു കാമുകനുള്ളതു കൊണ്ടാണെന്ന നിധീഷിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാതെ പൊലീസ്. ഉറപ്പിക്കണമെങ്കില്‍ നീതുവിന്റെ ഫോണ്‍ കൂടി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി നീതുവിനെ കുത്തിയതെന്ന് തെളിയിക്കുന്ന രീതിയിലുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു. റിപ്പോര്‍ട്ടില്‍ നീതുവിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 12 കുത്തുകളേറ്റിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന നിധീഷിനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കഴുത്തിന് പിറകിലായി ഏറ്റ ആഴത്തിലുള്ള നാല് കുത്തുകളാണ് മരണത്തിന് കാരണമായത്. വ്യാഴാഴ്ച പുലര്‍ച്ചെ കൊലപാതകം ആസൂത്രണം ചെയ്താണ് പോയതെങ്കിലും നീതുവുമായി സംസാരിച്ചതോടെ മനംമാറ്റമുണ്ടായെന്ന് പ്രതി നിതീഷ് പൊലീസിന് മൊഴി നല്കി. എന്നാല്‍ നീതു കുളിക്കാന്‍ കയറിയ നേരത്ത് മൊബൈല്‍ ഫോണില്‍ വീണ്ടും തര്‍ക്കത്തിന് കാരണമായ ആളുടെ സന്ദേശങ്ങളും, തുടരെയുള്ള വിളികളും കണ്ടത് വീണ്ടും പ്രകോപനത്തിന് കാരണമായി. ഇതോടെ മാനസികമായി തകര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്നാണ് മൊഴി. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും. കുളിമുറിയുടെ വാതില്‍ തുറന്നയുടന്‍ നീതുവിനെ കുത്തുകയും തീ കൊളുത്തുകയും ചെയ്തുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.
Post Your Comments