ഇടതു കോട്ടയെന്ന് ശക്തമായി തന്നെ വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ 15 ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും ഇവിടെ വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. സിറ്റിംഗ് എംപിയായ സമ്പത്ത് തന്നെയാണ് ഇത്തവണ ആറ്റിങ്ങളിലെ ഇടത് സ്ഥാനാര്‍ത്ഥി. 21000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സമ്പത്ത് കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയകൊടി നാട്ടിയത്. എന്നാല്‍ ഇത്തവണ ഇടത് കോട്ട തകര്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫും ബിജെപിയും. കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് ആറ്റിങ്ങലില്‍ മൂന്നു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച ചരിത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റേത്. കൂടാതെ ജനസമ്മതിയുള്ള നേതാവും. ആറ്റിങ്ങല്‍ ഒരു ബാലികേറാമലയല്ല എന്ന അഭിപ്രായമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി് അടൂര്‍ പ്രകാശിന്റേത്. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് തേടുന്ന പര്യടനം പൂര്‍ത്തിയാക്കി വാഹന പ്രചാരണ പരിപാടിയിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
കോന്നിയിലെ ജനസമ്മതി തന്നെ ആറ്റിങ്ങലിലും കിട്ടുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഈഴവ സമുദായത്തിന് പ്രാധിനിത്യമുള്ള മണ്ഡലം കൂടിയായതിനാല്‍ ആറ്റിങ്ങലില്‍ അടൂരിന് അനുകൂലമായ കാറ്റു വീശുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
വോട്ടു പിടിക്കാനുള്ള ഓട്ട പ്രദക്ഷണത്തിലാണ് യുഡിഎഫ്. രാവിലെ ഏഴ് മണിക്കു തന്നെ അടൂരിന്റെ പ്രചാരണം തുടങ്ങും. അത് രാത്രി 11 വരെ തുടരും. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പാര്‍ട്ടി. അതുകൊണ്ടു തന്നെ സിറ്റിംഗ് എംഎല്‍എ ആയ അടൂരിനെ ഇവിടെ മത്സരിപ്പിക്കാന്‍ തിരഞ്ഞെടുത്തതും അദ്ദേഹം സമ്മതം മൂളിയതും.
ഏറ്റവും അടുത്ത സുഹൃത്ത് ജി. കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍ അടൂര്‍ പ്രകാശിന്റെ പര്യടനങ്ങള്‍ക്കൊപ്പമുണ്ട്. പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ എടുത്തുകൊണ്ട് നടന്ന ശബരി ഇന്ന് തനിക്കു വേണ്ടി വോട്ടു പിടിക്കുന്നതു കാണുമ്പോള്‍ കാര്‍ത്തികേയന്റെ സാന്നിധ്യമാണ് താന്‍ അനുഭവിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ അച്ഛന്‍ അടൂര്‍ കുഞ്ഞിരാമന്‍ ഒരു സിപിഐ നേതാവായിരുന്നു. എന്നാല്‍ മകന്‍ കോണ്‍ഗ്രസിലേയ്ക്ക് പോയപ്പോള്‍ അദ്ദേഹം തടഞ്ഞില്ല. അച്ഛന്‍ തന്നെ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ അദ്ദേഹം വക്കീല്‍ കുപ്പായമിട്ടു. രാജ്യം മൊത്തം അറിയുന്ന നേതാവായി. എംഎല്‍എയില്‍ നിന്ന് എംപിയിലേയ്ക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് അടൂരിന്റെ പ്രകാശന്‍.
Post Your Comments