ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍ നോക്കാം.
ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്.
ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയും ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഗോതമ്ബ്, ഓട്‌സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.
ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അങ്ങനെയെങ്കില്‍ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും.
മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കില്‍പ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഒരുദിവസം കുറഞ്ഞത് അഞ്ചുതരം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക, ചീര, ബീറ്റ്റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.
ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.
ശരിയായ ഉറക്കം ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. നേരത്തെ കിടന്നിട്ട് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Post Your Comments