Latest NewsKerala

യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ മൃതദേഹം സംസ്‌കരിച്ചു

തൃശൂര്‍: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തൃശൂര്‍ ചിയ്യാരം സ്വദേശി നീതു (21) ന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ 10.30 ഓടെ പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നീതുവിന്റെ സഹപാഠികളടക്കം നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.ഇന്നലെ രാത്രി വൈകിയാണ് നീതുവിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ 10 മണി വരെ ചിയ്യാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.

അതേസമയം നീതുവിനെ കൊലപ്പെടുത്തിയ വടക്കേക്കാട് മുക്കിലപീടിക കല്ലൂകാട്ടില്‍ സത്യനാഥന്റെ മകന്‍ നിതീഷ് (27) നെ ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.കോടാലി ആക്സിസ് എഞ്ചിനീയറിംഗ് കോളേജിലെ ബിടെക്ക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നീതുവിന് പ്രതിയുമായി മൂന്നുവര്‍ഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി. കൊലപാതകം നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫേയ്സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയത്തിലായതെന്നും പോലിസ് പറയുന്നു.

പോലീസ് നിധീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതക ശേഷം അസ്വസ്ഥകള്‍ പ്രകടിപ്പിച്ച യുവാവിനെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലിസ് തുടര്‍ന്ന് വൈദ്യ പരിശോധനകള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീതീഷ് നീതുവിനെ കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെതന്നെയാണ് ചിയ്യാരത്തെ വീട്ടില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

നീതുവിനെ കൊലപ്പെടുത്താല്‍ ഉപയോഗിച്ച പെട്രോള്‍ നിതീഷ് തന്റെ ബുള്ളറ്റില്‍ നി്ന്നും ഊറ്റി എടുത്തതാണെന്നാണ് കരുതുന്നത്. പെട്രോള്‍ പ്ലാസ്റ്റിക്ക് ബോട്ടിലില്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണമുള്ള സാഹചര്യത്തില്‍ നീതീഷിന് പമ്പില്‍ നിന്ന് പ്ലാസ്റ്റിക്ക് ബോട്ടിലില്‍ പെട്രോള്‍ ലഭിക്കാനിടയില്ല. കയ്യില്‍ ഗ്ലൗസ് ധരിച്ചെത്തിയ പ്രതി ഗ്യാസ് ലൈറ്ററും കയ്യില്‍ കരുതിയിരുന്നു. വീടിന് പിറകില്‍ ബൈക്ക് നിര്‍ത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കഴുത്തില്‍ കത്തികൊണ്ട് കുത്തി കുളിമുറിയില്‍കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ കത്തി കുത്തിയിറക്കിയതിനാല്‍ നീതുവിന്റെ നിലവിളി പോലും പുറത്തുവന്നില്ല.

എന്നാല്‍ അസ്വാഭാവികശബ്ദംകേട്ട് അമ്മൂമ്മ വത്സല പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതന്‍ പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത്. വത്സലയെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരുടെ നിലവിളി കേട്ട് നീതുവിന്റെ അമ്മാവന്‍മകന്‍ ഓടിയെത്തി. ഇരുവരും ചേര്‍ന്ന് അയാളെ പിടിച്ചുവെക്കുകയും അലറിവിളിക്കുകയുമായിരുന്നു. ഇതുകേട്ട് സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. അപ്പോഴേക്കും 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നീതു മരിച്ചിരുന്നു. അപ്രതീക്ഷിത ആക്രമമായതിനാല്‍ നീതുവിന് യാതൊരു രീതിയിലും പ്രതികരിക്കാനായില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 

ഒരു വര്‍ഷം മുമ്പ് വിവാഹതാല്‍പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചശേഷം വിഷം കഴിച്ച് മരിക്കാന്‍ തയ്യാറെടുത്തിരുന്നതായും നിധീഷ് പോലീസിനോട് പറഞ്ഞു. എറണാകുളത്തെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിതീഷ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണു വീട്ടിലെത്തിയത്. അന്നു പകല്‍ മുഴുവന്‍ മുറിയടച്ചിട്ട് ഇരിക്കുകയായിരുന്നുവെന്ന് നിതീഷിന്റെ അമ്മ പറഞ്ഞു. രാത്രി ഭക്ഷണമൊന്നും കഴിക്കാതിരുന്ന നിതീഷ് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ എണീറ്റപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

നീതുവിന്റെ പഠനം കഴിഞ്ഞാല്‍ വിവാഹം നടത്താന്‍ നിതീഷിന്റെ കുടുംബം ആലോചിച്ചിരുന്നു. എന്നാല്‍ നീതുവിന്റെ ബന്ധുക്കള്‍ക്ക് ഈ ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ലത്രേ. ഇതോടെ നീതു നിതീഷുമായുള്ള ബന്ധത്തോട് നീരസം പ്രകടിപ്പിക്കുകയായിരുന്നു. നീതുവിന്റെ അമ്മ വളരെ നേരത്തേ മരിച്ചിരുന്നു. കൂടാതെ അച്ഛന്‍ ഉപേക്ഷിച്ച നീതു അമ്മൂമ്മയുടെയും അമ്മാവന്മാരുടെയും സംരക്ഷണത്തിലായിരുന്നു. പഠനം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ ജോലിയായിരുന്നു അടുത്ത സ്വപ്നം. അടുത്ത വീട്ടിലെ കുട്ടികള്‍ക്കു ട്യൂഷനുമെടുത്തിരുന്നു. അതിനിടെയാണ് പ്രണയപ്പക മരണമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button