ബത്തേരി: പാർട്ടി നിർദ്ദേശം തള്ളിയ ബത്തേരി നഗരസഭ മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബുവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ. ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന കേരളാ കോൺഗ്രസ് എം നിർദ്ദേശം സാബു തള്ളിയിരുന്നു. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫുമായുള്ള സഖ്യം ഉപേക്ഷിക്കാത്തതാണ് കാരണം.
യുഡിഎഫിന് വേണ്ടി പ്രചാരണത്തിനും സാബു ഇറങ്ങിയിരുന്നില്ല.ബുധനാഴ്ചക്കുള്ളിൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയുടെ കത്ത്, സാബു സ്ഥലത്തില്ലാത്തതിനാൽ നേതാക്കൾ അദ്ദേഹത്തിന്റെ വിട്ടിലെത്തി എൽപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമില്ലാതിരുന്ന സി.പി.എം., യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച ടി.എൽ. സാബുവിന്റെ പിന്തുണയോടെയാണ് നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്.
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ പ്രസിഡണ്ട് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിലെ ഒരു പ്രധാനകക്ഷി എല്‍.ഡി.എഫുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ്സ് എം സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടത്.
Post Your Comments