വടക്കഞ്ചേരി: കാട്ടാന ശല്യം വിട്ടൊഴിയാതെ വടക്കഞ്ചേരി. മലയോരമേഖലയായ പനംങ്കുറ്റിയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാകുന്നു. ചെറുനിലം ജോണി, വലിയപറന്പിൽ ബിജു, ചെറുനിലം വിജു തുടങ്ങിയവരുടെ തോട്ടങ്ങളിൽ കയറിയാണ് കുട്ടി ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്.
കാട്ടാനകൾ വാഴ, തെങ്ങ്, റബർതൈകൾ തുടങ്ങിയവയെല്ലാം തിന്നും ചവിട്ടിയും വലിച്ചുകളഞ്ഞുമാണ് നാശം വരുത്തിയിട്ടുള്ളത്. വലിയ കാട്ടുകൊന്പനും കൂട്ടത്തിലുണ്ട്. രാത്രിസമയം ആനകളുടെ ചിന്നംവിളിയും ബഹളവും കേൾക്കുന്നുണ്ടെങ്കിലും ആക്രമണകാരികളായ ആനകളെ ഭയന്ന് ആളുകൾക്ക് വീടുകളിൽനിന്നും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പാത്രകണ്ടം, ഒളകര, കൈതയ്ക്കൽ ഉറവ, കണിച്ചിപ്പരുത, പനംങ്കുറ്റി, പോത്തുചാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ആനക്കൂട്ടം കറങ്ങുന്നത്. ഓരോദിവസം ഓരോ സ്ഥലത്തിറങ്ങി കൃഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി ശല്യംചെയ്യുന്ന കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ വനംവകുപ്പ് നടപടി സ്വീകരിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Post Your Comments