കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . ഇതിനിടെ രാഹുലിനെതിരെ മത്സരിക്കാൻ സരിത എസ് നായർ തയ്യാറെടുക്കുന്നതായി സൂചന. സരിത എസ് നായര്‍ എന്ന പേരില്‍ പത്രത്തില്‍ നല്‍കിയിരിക്കുന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചാനൽ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.പരസ്യം ഇങ്ങനെയാണ്: ഞാന്‍ സരിത സ് നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പിഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
എനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ട്. ഈ വാചകത്തിനൊടുവില്‍ കേസ് നമ്പറുകള്‍ നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നാം തിയ്യതിയാണ് സരിത എസ് നായരുടെ പേരില്‍ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേസുകള്‍ ഉളളവര്‍ പത്രത്തില്‍ പരസ്യം നല്‍കണം എന്ന പുതിയ ചട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം. കേസ് നമ്പറുകള്‍ ചൂണ്ടിക്കാട്ടി പൊതുജനത്തിന്റെ അറിവിലേക്കായാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഈ പരസ്യത്തില്‍ എറണാകുളത്തിനൊപ്പം വയനാട്ടിലും മത്സരിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന് എതിരെ മത്സരിക്കുന്ന കാര്യം സരിത എസ് നായര്‍ തന്നെ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
തന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയിരിക്കും. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നു. എന്നാല്‍ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല.ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും സരിത എസ് നായര്‍ ചോദിച്ചിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണോ ഇവർ ഇവിടെ മത്സരിക്കുന്നത് എന്ന് വ്യക്തമല്ല.
Post Your Comments