ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ചുവടുമാറ്റം ഉള്‍പ്പെടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കരിങ്കൊടി കാണിച്ച ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്നു സന്ദീപ് സിങ്ങെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയ്ക്കായുള്ള തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് പോലും സന്ദീപ് സിങ്ങെന്നും വ്യക്തമാക്കുന്നു. ദ പ്രിന്റാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള സന്ദീപ് സിങ്ങിന് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിര്‍ണായക പങ്കാണുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്മോഹന് സിങ് ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ നടന്ന പ്രതിഷേധത്തിനിടെ കരിങ്കൊടി കാണിച്ചതുള്‍പ്പെടെ കോണ്‍ഗ്രസ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു സന്ദീപ്. 2007ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ജെഎന്‍യു പഠനത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളില്‍നിന്ന് അകന്ന സന്ദീപ് സിങ് അണ്ണാ ഹസാരെയുടെയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തില്‍ നടന്ന ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി. അതിനു ശേഷമാണ് കോണ്‍ഗ്രസിനോട് അടുത്തത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനായി പ്രസംഗങ്ങള്‍ തയ്യാറാക്കുകയായിരുന്നു സന്ദീപ്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായി സന്ദീപ് സിങ് അടുത്ത ബന്ധം പുലര്ത്തുന്നുണ്ടായിരുന്നുവെന്നും ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അദ്ദേഹം അങ്ങനെയൊരു സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഒപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന കോര്‍പ്പറേറ്റ് വിരുദ്ധവും പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ പ്രസംഗങ്ങള്‍ക്ക് പിന്നില്‍ സന്ദീപ് സിങ്ങിന്റെ ഇടതുപക്ഷ ആശയങ്ങളുമായുള്ള പരിചയത്തിന് വലിയ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.
Post Your Comments