കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) ഭാഗമായ സിപിഐയാണ് രാഹുലിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. മത്സരം ബിജെപിയോടല്ലെന്ന് ചുരുക്കം.
രാഹുല്‍ മത്സരിക്കുന്ന വിവരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം സ്ഥിരം മണ്ഡലമായ അമേത്തിയിലും രാഹുല്‍ പോരാട്ടത്തിനിറങ്ങും. എതിരാളി ബിജെപിയിലെ പ്രബലയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ്. ഒരു ലക്ഷം വരെ ഭൂരിപക്ഷം കുറച്ച് മുള്‍മുനയില്‍ നിര്‍ത്തിയാണ് രാഹുലിന് സ്മൃതി കഴിഞ്ഞ തവണ ശക്തയായ എതിരാളിയായത്. അമേത്തിയിലെ പരാജയഭീതിയാണ് കോണ്‍ഗ്രസിന് സ്വാധാനമുള്ള ദക്ഷിണേന്ത്യയിലെ സുരക്ഷിത താവളത്തിലേക്ക് രാഹുലിനെ എത്തിച്ചിരിക്കുന്നത്. രാഹുലിന് ഏത് മണ്ഡലത്തില്‍ നിന്നു വേണമെങ്കിലും മത്സരിക്കാം. എന്നാല്‍ മോദിയെ വെല്ലുവിളിച്ചുനടക്കുന്ന യുവനേതാവ് അമേത്തിയിലായാലും വയനാട്ടിലായാലും പോരാടേണ്ടത് ഒരു ബിജെപി സ്ഥാനാര്‍ത്ഥിയോടാകണമായിരുന്നില്ലേ.
വടക്കന്‍കേരളത്തിലെ മണ്ഡലമായ വയനാട് 2009 ലെ പരിഷ്‌കാരപ്രകാരം രൂപീകൃതമായതാണ്. കോണ്‍ഗ്രസിന് ആവോളം പിന്തുണ നല്‍കുന്ന മണ്ഡലത്തില്‍ കേരളത്തിലെ ആദിവാസി ജനസംഖ്യയുടെ വലിയൊരു വിഭാഗവും ഉള്‍പ്പെടുന്നു. രണ്ട് ലോക്സഭാതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് വയനാട്. അന്തരിച്ച എംഐ ഷാനവാസായായിരുന്നു രണ്ടുതവണയും ഇവിടെനിന്നുള്ള ജനപ്രതിനിധി. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ രണ്ടെണ്ണം (തിരുവമ്പാടിയും ഏറനാടും )സഖ്യകക്ഷികളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ കോട്ടകളായതിനാല്‍ വയനാട്ടില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയമോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും വയനാട് തെരഞ്ഞെടുത്തതില്‍ രാഹുലിന് ദു:ഖിക്കേണ്ട കാര്യമേയില്ല. അമേത്തിയിലെപ്പോലെ പരാജയഭീതിയില്ല. 2009-2014 ലും 42.31 ശതമാനവും 38.9 ശതമാനവും വേട്ട് പിടിച്ച് രണ്ടാമത് നില്‍ക്കുന്ന എല്‍ഡിഎഫിനോട് രാഹുല്‍ മത്സരിക്കുമ്പോള്‍ പ്രധാന എതിരാളി ബിജെപിക്ക് വയനാടന്‍ പോരാട്ടത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇങ്ങ് തെക്ക് ഒരു സുരക്ഷിത മണ്ണില്‍ കാല്‍ ചവിട്ടി നിന്ന് രാഹുലിന് ആശ്വാസത്തോടെ വടക്ക് അമേത്തി കിട്ടുമോ എന്ന പരീക്ഷണവും നടത്താം.
ഇനി കോണ്‍ഗ്രസിന്റെ കാര്യം. നിസ്സാരക്കാരനല്ല, സാക്ഷാത് നെഹ്റു കുടുംബത്തില്‍ നിന്നൊരാളാണ് മത്സരിക്കാനായി കേരളത്തിലെത്തുന്നത്. ചരിത്രസംഭവമാണ് കോണ്‍ഗ്രസിന്. നെഹ്റു കുടുംബത്തോടുള്ള ഭക്തി അവസാനിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും ആവോളമുണ്ട് മലയാളനാട്ടിലും. അങ്ങനെ മൈാത്തത്തില്‍ രാഹുലിന്റെ വരവ് പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണമെന്ന രാഹുലിന്റെ സ്വപ്നം ംനടക്കണമെങ്കില്‍ കേരളം കൂടെ നില്‍ക്കണമെന്നത് മറ്റൊരു ഘടകം. കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃ്തവത്തിലെത്തുന്നതും നല്ല കാര്യമാണ്. ദീര്‍ഘകാല പാരമ്പര്യമുള്ള എകെ ആന്റണി സോണിയയുടെ വിശ്വസ്തനും കെസി വേണുഗോപാല്‍ രാഹുലിന്റെ അടുപ്പക്കാരനുമാകുമ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്രത്തില്‍ കസേര കിട്ടാന്‍ അധികം വിയര്‍ക്കേണ്ടിവരില്ല.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം ചോദ്യം ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയന്‍. എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ രാജ്യത്തിന് നല്‍കുന്നതെന്നും രാഹുല്‍ മത്സരിക്കുന്നത് ബിജെപിയോടെ സിപിഐ നോടോ എന്നുമായിരുന്നു പിണറായിയുടെ ചോദ്യം. പിണറായിയുടെ ചോദ്യത്തിന് വ്യാപകമായ അര്‍ത്ഥതലമുണ്ട്. കേരളത്തില്‍ പോരാട്ടം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. എന്നിരുന്നാലും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ പൊതുശത്രുവിനായി സിപിഎം പുറത്തുനിന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ മടിക്കില്ലെന്ന് കരുതാം. അപ്പോള്‍ വയാനട്ടിലെ തന്നെ ചില സാധാരണക്കാര്‍ ചോദിക്കുന്നതുപോലെ പാര്‍ലമെന്റില്‍ ബിജെപിയുടെ ഒരു സീറ്റെങ്കിലും കുറയ്ക്കാനല്ലേ രാഹുല്‍ ശ്രമിക്കേണ്ടത്. അതിന് ബിജെപി എതിരാളിയാകുന്ന മണ്ഡലം തെരഞ്ഞെടുക്കേണ്ടിയിരുന്നു. പകരം കോണ്‍ഗ്രസിന്റെ പേരില്‍ ആര് നിന്നാലും മത്സരിക്കുന്ന വയനാട്ടില്‍ ജനവിധി തേടി സുരക്ഷിതനാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കര്‍ണാടകയായിരുന്നു രാഹുല്‍ തെരഞ്ഞെടുത്തതെങ്കില്‍ കോണ്‍ഗ്രസിന്റെ യുവരാജകുമാരന്‍ രാഷ്ട്രീയം പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നെങ്കിലും ജനത്തിന് പറയാമായിരുന്നു.
Post Your Comments