![CONGRESS-CPI-NETHAKKAL](/wp-content/uploads/2019/03/congress-cpi-nethakkal.jpg)
തിരുവനന്തപുരം•കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം കുന്നത്തൂര്‍ വിശാലാക്ഷി, സി.പി.ഐ കിസാന്‍ സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജീവ് രാജധാനി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സഹചുമതലയുള്ള നിര്‍മ്മല്‍ കുമാര്‍ സുരാന എന്നിവര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കെ.പി.സി.സി മുന്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതിയംഗവുമായ വിശാലാക്ഷി കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.പി.എം.എസ് പുന്നലവിഭാഗത്തിന്റെ ഭാരവാഹിത്വവും വഹിക്കുന്നു. കിസാന്‍ സഭയുടെ താലൂക്ക് പ്രസിഡണ്ടും കൂടിയാണ് അഡ്വ. രാജീവ്.
പട്ടികജാതിക്കാരെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് വിശാലാക്ഷി പറഞ്ഞു. എം.പി കൊടിക്കുന്നില്‍ സുരേഷ് പട്ടികജാതിക്കാരെ വഞ്ചിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് അവഗണിച്ചിരുന്നവരെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനമാണ് മോദിയും ബി.ജെ.പിയും നടത്തുന്നത്. അവര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ നടത്തിയ അതിക്രമത്തെ ചെറുത്ത പാര്‍ട്ടിയെന്നതിനാലാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. കോടതി വിധി മറയാക്കി വിശ്വാസികളെ വേട്ടയാടുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയത്തേക്കാള്‍ വലുതാണ് രാഷ്ട്രമെന്ന മോദിയുടെ കാഴ്ചപ്പാട് ആകര്‍ഷിച്ചു. സാമ്പത്തിക സംവരണത്തിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം നടപ്പാക്കാനും ബി.ജെ.പിക്ക് സാധിച്ചു. അദ്ദേഹം വിശദീകരിച്ചു.
ഇതുവരെ നാല് കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. കേരളത്തിലുടനീളം മറ്റ് പാര്‍ട്ടികളില്‍നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണിത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ നേതാക്കളുടെ വരവ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments