തൊടുപുഴയിൽ മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും സംശയത്തിന്റെ നിഴലിൽ. പെരിങ്ങാശേരിക്കാരിയായ യുവതിയെ വിവാഹം കഴിപ്പിച്ച് അയച്ചത് തിരുവനന്തപുരത്തേക്കാണ്. ഇവിടെ വെച്ച് ഭര്‍ത്താവിന്റെ ബന്ധുവായ അരുണുമായി യുവതി അടുത്തു. ഈ ബന്ധം അറിഞ്ഞതോടെ അരുണിന്റെ ഭാര്യ വിവാഹമോചനം വാങ്ങി. ഇക്കാര്യം അറിഞ്ഞതോടെ യുവതിയുടെ ഭർത്താവ് അവരുമായി വഴക്കുണ്ടാക്കുകയും അരുണിന്റെ ശല്യം ഒഴിവാക്കാനായി തൊടുപുഴയിലേക്ക് താമസം മാറ്റുകയും ചെയ്‌തു.
യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മെയ് 23 നാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിനു ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് യുവതി അരുണിനൊപ്പം പോയത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ഇവര്‍ നന്തന്‍കോട്ടുള്ള ഭര്‍തൃഭവനത്തിലേക്ക് പോകുകയും ഉടുമ്പന്നൂരില്‍ തിരികെയെത്തിയതിനു ശേഷം അരുണുമായി ഇവര്‍ നാടു വിടുകയും ചെയ്‌തു. യുവതിയുടെ ബന്ധുക്കള്‍ ഇവരെ കാണാനില്ലെന്നു കാട്ടി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കണ്ടെത്തി തിരികെയെത്തിച്ചെങ്കിലും അരുണിനൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ കുട്ടികളെയും ഇവർക്കൊപ്പം വിട്ടു. യുവാവിന്റെ മരണ ശേഷം ഇയാള്‍ നടത്തിയിരുന്ന വര്‍ക്ക്‌ഷോപ്പ് ഏറ്റെടുത്ത് നടത്തിയത് അരുൺ ആയിരുന്നു.
Post Your Comments