തൊടുപുഴ : അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ അനുജന്റെ സംരക്ഷണം കുട്ടികളുടെ അച്ഛന്റെ കുടുംബത്തിന് തന്നെ. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ട് മാസത്തിന് ശേഷം കുട്ടിയെ വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കണം.കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി അച്ഛന്റെ കുടുംബത്തോടൊപ്പം കുട്ടി പൂർണ സന്തോഷവാനാണെന്ന് കണ്ടെത്തിയിരുന്നു.
കുട്ടിയുടെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ജയപ്രകാശിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമെ മാസത്തിലൊരിക്കല്‍ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതികളും വിലയിരുത്തും. കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്‌കൂളിലും ഉള്‍പ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദര്‍ശിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
കുട്ടിയുടെ മാതാവിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പിൽ കുട്ടിയെ ഇന്നലെ ഹാജരാക്കാനും തുടര്‍നടപടി സംബന്ധിച്ച് ഇവരോട് തീരുമാനമെടുക്കാനും കോടതി നിര്‍ദേശം നല്‍കിയത്.
Post Your Comments