തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന്റെ ക്രൂര മര്‍ദ്ദന വാര്‍ത്തയറിഞ്ഞ ദിവസം മുതല്‍ കേരളം ഉറക്കമുണര്‍ന്നത് അവനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. എന്നാല്‍ അമ്മയുടെ സുഹൃത്ത് അവന്റെ ശരീരത്തില്‍ ഏല്‍പ്പിച്ച മര്‍ദ്ദനം അവന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനുള്ള ഒരു സാധ്യതയും നല്‍കാത്തതായിരുന്നു. കുഞ്ഞ് അവശനായതുമുതല്‍ യാതൊരു കൂസലുമില്ലാതെ അരുണ്‍ ആനന്ദ് എന്ന കൊലപാതകി പെരുമാറിയിരുന്നത്. അവന്റെ മരണവാര്‍ത്ത അറിഞ്ഞ് ഒരു ഭാവഭേദവുമില്ലാതെയാണ് അയാള്‍ മട്ടണ്‍ ബരിയാണി കഴിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഇതിനു സമാനമായിരുന്നു അരുണിനെ തൊടുപുഴയില്‍ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴെന്നും വിവരിക്കുകയാണ് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ അഭിലാഷ് ഡേവിഡും സംഘവുമാണ് അരുണിനെ കുമാരമംഗലത്തുള്ള വാടകവീട്ടില്‍ കൊണ്ടുവന്നത്. അവിടെ അറ്റം മുറിഞ്ഞു പോയ ചൂരല്‍ കാണിച്ച് അരുണ്‍ കൂസലില്ലാതെ പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘ഈ ചൂരല്‍ കൊണ്ടാണ് അവനെ തല്ലിയത്’. അരുണ്‍ പറയുന്നത് കേട്ട് തങ്ങള്‍ അമ്പരന്നു പോയെന്നാണ് പോലീസ് പറയുന്നത്.
കുട്ടികളെ മര്‍ദിച്ച മുറിയുടെ മൂലയില്‍ നിന്നാണ് ചൂരല്‍ കിട്ടിയത്. അതിന്റെ അറ്റം ഒടിഞ്ഞിരുന്നു. കൂട്ടത്തില്‍ ഒരു കമ്പിയും കിട്ടി. അത് വ്യായാമം ചെയ്യാനുള്ളതാണെന്നാണ് അരുണ്‍ ആനന്ദ് പറഞ്ഞത്.മുറിയിലെ ചാക്കും ആല്‍ബവും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം പോലീസ് പരിശോധിച്ചു.
ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ജയിലിലേക്ക് തന്നെ മടക്കി അയച്ചു. ഇപ്പോള്‍ മുട്ടം ജയിലുള്ള അരുണ്‍സഹ തടവുകാരില്‍ നിന്നു ആക്രമണ ഭീഷണിയുണ്ടെന്ന് കാണിച്ച് ജയില്‍ മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അമ്മ, സഹോദരന്‍ അമ്മൂമ്മ എന്നിവര്‍ കുടുംബശ്രീക്കു കീഴിലുള്ള ‘സ്‌നേഹിത’യുടെ ഇടുക്കിയിലെ സംരക്ഷണ കേന്ദ്രത്തിലാണ്.
Post Your Comments