തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂരില്‍ ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകന് അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കേസ്, സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 2008ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന് കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്.
തിരുവനന്തപുരത്ത് ആറ് കേസുകളാണ് അരുണിനെതിരെ ഉള്ളത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ അരുണിനെക്കുറിച്ച് നന്ദന്‍കോട്ടെ നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍.തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം സ്റ്റേഷനില്‍ രണ്ടുകേസുകളും ഫോര്‍ട്ട് സ്റ്റേഷനില്‍ രണ്ടു കേസുകളുമാണുള്ളത്. 2008ലാണ് കൊലപാതകക്കേസില്‍ ഇയാള്‍ പ്രതിയായത്. വിജയരാഘവന് എന്നയാളെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. എന്നാല്‍ ഈ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
മദ്യപിച്ച് വാഹനമോടിച്ചതിന് നിരവധി തവണ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരുൺ ഒരു വര്‍ഷം മുൻപുവരെ താമസിച്ചിരുന്നത് മറ്റൊരു യുവതിക്കൊപ്പമാണ്. ഇവരോട് പിണങ്ങിയ ശേഷമാണു തൊടുപുഴയിലെ യുവതിക്കൊപ്പം കൂടിയത്. അരുണിന്റെ ‘അമ്മ റിട്ടയേഡ് ബാങ്ക് മാനേജരും സഹോദരൻ ഇന്ത്യൻ മിലിട്ടറിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. കുട്ടികളുടെ പിതാവ് ഏഴു മാസം മുന്‍പ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അരുണ്‍ ആനന്ദ് കുട്ടികളുടെ അമ്മയ്ക്കൊപ്പം താമസമാക്കിയത്. ഇവര്‍ വിവാഹിതരായിട്ടില്ലെന്നാണ് വിവരം. കുട്ടികളുടെ പിതാവിന്റെ അടുത്ത ബന്ധുവാണ് അരുണ്‍.
കുട്ടിയുടെ അമ്മയുടെ മൊഴിയും ഇവര്‍ എടുത്തിട്ടുണ്ട്. തനിക്കും മര്‍ദ്ദനമേറ്റുവെന്നാണ് അമ്മ മൊഴി കൊടുത്തിരിക്കുന്നത്. കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.അതേസമയം, കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നൂ. അമിതമായ രക്തസ്രാവവുമുണ്ട്. ശ്വാസകോശത്തിനും പരുക്കുണ്ട്. ദേഹമാസകലം അടികൊണ്ട പാടുകളുമുണ്ട്.
Post Your Comments