
തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ വീണ്ടും എസ് ശാരദക്കുട്ടി. ഈ വിഷയത്തിൽ എംഎല്‍എ അനില്‍ അക്കരയുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോർട്ടുകൾ ദീപ പുറത്തുവിട്ടിരുന്നു. ഇതിനെ വിമർശിക്കുകയായിരുന്നു ശാരദക്കുട്ടി.
സൗഹൃദമുള്ളപ്പോളുള്ള ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ എന്നിവ സൂക്ഷിച്ചുവെച്ചിട്ട് പിണക്കത്തിലാകുമ്പോൾ അവ ഉപയോഗിക്കുന്നത് സ്വഭാവ വൈകല്യമാണെന്നാണ് ശാരദക്കുട്ടി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
പി.കെ.ബിജുവും രമ്യ ഹരിദാസും തമ്മിലാണ് ആലത്തൂരില്‍ മത്സരമെന്നാരും മറന്നു പോകരുത്. വാശിയേറിയ, അന്തസ്സുറ്റ ഒരു മത്സരമാണവിടെ ഉണ്ടാകേണ്ടത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കല്‍ ഏതു സാഹചര്യത്തിലായാലും മാന്യമല്ല. സൗഹൃദമുള്ള സമയത്തെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോള്‍ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്.
ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകള്‍ കേട്ട് അവര്‍ക്ക് മനംപിരട്ടലാണുണ്ടാകുന്നത്.
എസ്.ശാരദക്കുട്ടി
Post Your Comments