കളമശേരി : സ്വകാര്യ ബസ് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു . മത്സരയോട്ടം നടത്തിയ സ്വകാര്യബസുകളില്‍ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച ശേഷം വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലിടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ തെറിച്ചുവീണ് 3 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആലുവ കുഞ്ഞുണ്ണിക്കര ആസിയ (32), കോട്ടപ്പുറം എല്‍സി(55), ചൊവ്വര റോസ് മരിയ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിക്ക് കളമശേരി നഗരസഭാ ഓഫിസിനു സമീപത്താണ് അപകടം. ബസ് ഇടിച്ച കാറിനുള്ളില്‍ ഉണ്ടായിരുന്ന കളമശേരി ശാന്തിനഗറിലെ ഷാജി തോമസും മകളും പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
ഫോര്‍ട്ട് കൊച്ചി-ആലുവ റൂട്ടിലോടുന്ന സഫര്‍ ബസും തോപ്പുംപടി-ആലുവ റൂട്ടിലോടുന്ന നസ്രീന്‍ ബസുമാണ് മത്സര ഓട്ടത്തിലേര്‍പ്പെട്ടത്. അപകടമുണ്ടാക്കിയത് നസ്രീന്‍ ബസാണ്. അപകടത്തെത്തുടര്‍ന്ന് തൊട്ടു പിറകെ വന്നിരുന്ന സഫര്‍ ബസ് നാട്ടുകാര്‍ പിടിച്ചിട്ടു. നസ്രീന്‍ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി പൊലീസിനു കൈമാറി. ഹൈക്കോടതി മുതല്‍ നസ്രീന്‍ ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരുക്കേറ്റ യാത്രക്കാരി ആസിയ പറഞ്ഞു. കലൂര്‍ സിഗ്‌നലില്‍ മാത്രമാണ് വേഗം കുറച്ചത്.
Post Your Comments