Latest NewsIndia

ഇവര്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന രാഷ്ട്രീയ കുട്ടികള്‍

64 വയസുള്ള മമതാ ബാനര്‍ജി 48 വയസുള്ള രാഹുല്‍ ഗാന്ധിയെ വിളിച്ചത് കുട്ടി എന്നാണ്. രാഹുല്‍ ഗാന്ധി കുട്ടിയാണോ എന്നതും മമതയുടെ സംബോധന അദ്ദേഹത്തെ അപമാനിക്കുന്നതാണോ എന്നതും പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷേ ശരിക്കും കുട്ടികള്‍ എന്നു വിളിക്കാവുന്ന ചിലരെങ്കിലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ എത്താനായി ജനവിധി തേടുന്നു എന്നതാണ് സന്തോഷകരമായ യാഥാര്‍ത്ഥ്യം.

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങുന്ന കന്നിസ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള 35 വയസിന് താഴെയുള്ളവരെയെല്ലാം ചെറുപ്പക്കാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കാരണം രാഷ്ട്രീയത്തില്‍ 35 ന് താഴെ നില്‍ക്കുന്നവര്‍ മുതിര്‍ന്ന നേതാക്കളെ സംബന്ധിച്ച് വെറും കുട്ടികള്‍ മാത്രമാണല്ലോ. എന്തായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന അത്തരം ചില കുട്ടികളെ പരിചയപ്പെടാം.

തേജസ്വി സൂര്യ(28)

thejaswy surya

ബംഗളൂരു സൗത്തില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാണ് തേജസ്വി സൂര്യ. ഈ ഇരുപത്തിയെട്ടുകാരന്‍ എങ്ങനെ ആര്‍എസ്എസ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി എന്നത്് ഇപ്പോള്‍ തന്നെ ഇവിടെ ചര്‍ച്ചാവിഷയമാണ്. ലോക്‌സഭയിലെ എംപിമാരില്‍ 2.2% പേര്‍ മാത്രമാണ് 30 വയസ്സിന് താഴെയുള്ളവര്‍ എന്നതുകൂടി ഓര്‍ക്കണം. വെളുത്ത മുടിയിലാണ് രാഷ്ട്രീയബോധം കൂടുതലെന്ന ഒരു അബദ്ധധാരണ എങ്ങനെയോ നാം കൊണ്ടുനടക്കുന്നുണ്ട്. എന്തായാലും ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഒരു 28 കാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യപ്പെടട്ടെ.

രാഘവ് ഛദ്ദ (30 )

സൗത്ത് ദില്ലിയിലെ ആം ആദ്മി സ്ഥാനാര്‍ഥിയാണ് ഈ 30 കാരന്‍. ഇവിടെ ബിജെപിയുടെയുംം കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാകുന്നതിന് മുമ്പ് തന്നെ രാഘവ് ഛദ്ദ സ്ഥാനാര്‍ത്ഥിയായിക്കഴിഞ്ഞു. ഈ യുവസ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നത് വ്യക്തമല്ല. എന്തായാലും വോട്ട് ഉറപ്പാക്കാനായില്ലെങ്കിലും ഒട്ടേറെ വിവാഹാലോചന ഛദ്ദക്ക് വരുന്നുണ്ട്. ദയവായി വോട്ടുചെയ്യൂ എന്ന മറുപടിയില്‍ തത്കാലം എല്ലാവരേയും നിര്‍ത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.

കനയ്യ കുമാര്‍ ( 32 )

Kanhaiya Kumar

32 കാരനായ ഈ മുന്‍ ജെഎന്‍യു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ദേശീയതലത്തില്‍ ശ്രദ്ധേയനാണ്. എന്നാല്‍ ലോക്‌സഭാ പോരാട്ടത്തില്‍ ആദ്യമായാണ് കനയ്യകുമാര്‍ പരീക്ഷണത്തിന് ഇറങ്ങുന്നത്. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവുമായി ഇടഞ്ഞതിന് ശേഷമാണ് ഇടതുപക്ഷം ബെഗുസരയില്‍ തീപ്പൊരി നേതാവ് കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഐ സ്ഥാനാര്‍ത്ഥിയായിട്ടാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ജെഎന്‍യുവിലെ ബിജെപി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് കനയ്യകുമാര്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവായത്. ബിജെപിയുടെ ഗിരിരാജ് സിംഗാണ് ബെഗുസരയില്‍ കനയ്യകുമാറിന്റെ എതിരാളി.

നിഖില്‍ ഗൗഡ( 29 )

Nikhil Gowda

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ കൊച്ചുമകനും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡയ്ക്ക് പ്രായം 29 വയസ് മാത്രം. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ്. കന്നട നടനായ നിഖില്‍ അച്ഛന്റെയും മുത്തശ്ശന്റെയും പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകുന്ന സുമലതയാണ് നിഖിലിന്റെ എതിരാളി.

ഹാര്‍ദ്ദിക് പട്ടേല്‍ (25 )

Hardik Patel IMAGE

ജംനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ടിക്കറ്റിലാകും ഹാര്‍ദ്ദിക് പട്ടേല്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സീറ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. 2015 ലെ കലാപക്കേസില്‍ സ്റ്റേയ്ക്കായുള്ള ഹാര്‍ദ്ദിക്കിന്റെ കേസില്‍ വാദം തുടരുന്നതേയുള്ളു. എന്തായാലും കാത്തിരിക്കാന്‍ നില്‍ക്കാതെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പട്ടേല്‍ നേതാവ്. അതേസമയം ഹാര്‍ദിക് പട്ടേലിന് മത്സരിക്കാന്‍ തടസമില്ലാതായാല്‍ അദ്ദേഹമാകും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി.

നസ്രത് ജഹാന്‍ ( 29 )

Nusrat jahan

29 കാരിയായ ഈ ബംഗാളി നടി ബസിര്‍ഹട്ടില്‍ തൃണമൂല്‍ ടിക്കറ്റിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം നടത്തുന്നത്. അതേസമയം ഭൂതകാലചരിത്രം നസ്രത്തിന് അത്ര ഗുണം ചെയ്യുന്നതല്ല. കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് ബലാത്സംഗകേസ് ദേശീയ മാധ്യമങ്ങളില്‍ തലക്കെട്ടായപ്പോള്‍ കുറ്റവാളികളില്‍ ഒരാളുടെ കാമുകി എന്ന നിലയില്‍ നസ്രത്തിന്റേ പേരും ഉയര്‍ന്നിരുന്നു. ഇതില്‍ തന്റെ നിരപരാധിത്വം പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button