പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങളുണ്ടാക്കിയ കേസിൽ അദ്ദേഹം ഇന്ന് കോടതിയിൽ കീഴടങ്ങിയിരുന്നു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്.
തെരഞ്ഞെടുപ്പ് പത്രിക ഏപ്രിൽ നാലിന് മുൻപായി സമർപ്പിക്കേണ്ടതുകൊണ്ട് കേസുകളിൽ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയിൽ എത്തിയത്. ശബരിമലയിലെ കേസുകളിൽ പ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. എട്ട് കേസുകളാണുള്ളത് പ്രകാശ് ബാബുവിനെതിരെയുള്ളത്.
ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്തു എന്നിവയാണ് പ്രകാശ് ബാബുവിനെതിരെയുള്ള ശക്തമായ കേസുകൾ. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.
Post Your Comments