KeralaLatest NewsNews

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് ഈടാക്കാനാവില്ല

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതണ്. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്നും കോടതി പറഞ്ഞു.

ലോക്‌സഭയിലേക്കു മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചെലവും പഴയതും പുതിയതുമായ അംഗങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പള, അലവന്‍സ് ബാധ്യതകളും വഹിക്കാന്‍ വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എംഎല്‍എമാര്‍ ലോക്‌സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു പദവി നഷ്ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. മത്സരിക്കുന്നവരുടെ ഭാഗത്ത് എന്താണു തെറ്റ്? കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വിഭാഗത്തിന് പൗരന്മാരില്‍ നിന്നു പണം ഈടാക്കാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷനു പോലും അതു സാധ്യമാവില്ലെന്നും കോടതി പറഞ്ഞു.

പൊതു താത്പര്യമുണ്ടെങ്കില്‍ സിറ്റിങ് എംഎല്‍എയെ പാര്‍ലമെന്റിലേക്ക് അയയ്ക്കരുതെന്ന് ഹര്‍ജിക്കാരനു പൊതുജനങ്ങളോടു ക്യാമ്പയ്ന്‍ നടത്താം. ഹര്‍ജിയുടെ ലക്ഷ്യം സദുദ്ദേശ്യപരമാണെന്നു തോന്നുന്നില്ലെന്നും പറഞ്ഞു. കോടതിച്ചെലവ് ഈടാക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നു ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button