കാസർഗോഡ്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ എംഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കെഎസ്ആര്‍ടിസിയോട് നടപടി ആവശ്യപ്പെട്ടത്. കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തത് മൂലം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിന് കാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബന്തടുക്ക ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിയോടും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയോടും വിശദീകരണം തേടി. പനത്തടി ഗ്രാമപഞ്ചായത്തിലെ കോളനിയില്‍ വരുന്ന സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിനെതിരേ പ്രദേശ വാസികള്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോടും ജില്ലാ കളക്ടറോടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച് മാലിന്യം പുറത്തു വിടുന്നുവെന്ന പരാതിയിലെ കാര്‍വാഷ് കേന്ദ്രം പൂട്ടിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. വീട് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്ന് പട്ടികവര്‍ഗ കുടുംബത്തിന്റെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. സിറ്റിങില്‍ പുതിയവ ഉള്‍പ്പെടെ 40 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ മാസം സിറ്റിങ് ഉണ്ടായിരിക്കുന്നതല്ല. അടുത്ത സിറ്റിങ് മെയ് 28ന് ചേരും.
Post Your Comments